അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ഇരുപത്തിരണ്ടുകാരി പ്രസിഡന്‍റ്

0
385

ഇടുക്കി:  അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടി വിജയിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ഉച്ചക്കു ശേഷം നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്നുള്ള കെ എസ് സിയാദ് വിജയിച്ചു.  എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗം സനിതാ സജിയായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഇരുപത്തൊന്നംഗങ്ങളില്‍ പതിനൊന്നംഗങ്ങളുടെ പിന്തുണ സനിതാ സജിക്ക് ലഭിച്ചു.എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിതാ സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം സനിതാ സജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നുള്ള മുസ്ലീം ലീഗ് അംഗം കെ എസ് സിയാദ് വിജയിച്ചു.

കെ എസ് സിയാദിന് പതിനൊന്ന് വോട്ടും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ ഡി എഫില്‍ നിന്നും മത്സരിച്ച ആര്‍ രജ്ഞിതക്ക് 10 വോട്ടും  ലഭിച്ചു.ജനങ്ങളുടെ ക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് കെ എസ് സിയാദ് പറഞ്ഞു. പഞ്ചായത്തിന്റെ ഭരണം പിടിച്ചതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ അടിമാലിയില്‍  പ്രകടനം നടത്തി.

മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലിഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പുതിയ പ്രസിഡന്റിന്‍റെ പിന്തുണ ക്കൊപ്പം ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി യു ഡി എഫിന് ലഭിച്ചിരുന്നു. ദേവികുളം ഭൂരേഖ തഹസീല്‍ദാര്‍ റ്റി നൗഷാദാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭരണമുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here