സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കത്തുന്ന പ്രതിഷേധം: സംസ്ഥാനത്തെ തെരുവുകള്‍ ഇന്നും പ്രക്ഷുബ്ധം

0
153

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൊല്ലത്ത് കോണ്‍ഗ്രസ്-ആര്‍വൈഎഫ് മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പോലീസുകാരനും ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഉന്തുംതള്ളുമുണ്ടായി. സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലും വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.

കണ്ണൂരില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിന് മുമ്പായി കെപിസിസി അധ്യക്ഷന്‍ സുധാകരന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്ന തടയണമെന്നും ഇല്ലെങ്കില്‍ ഉദ്ഘാടകനായി എത്തുന്ന സുധാകരനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ അസാധാരണ നോട്ടീസില്‍ പറഞ്ഞിരുന്നത്.

കോടതിയില്‍ മൊഴി നല്‍കിയതിന് സര്‍ക്കാര്‍ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിലുള്ളത്. ഇനിയാരും മൊഴി കൊടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നത്. സത്യ സന്ധനാണെങ്കില്‍ ഇങ്ങനെയാണോ നേരിടേണ്ടത്, മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here