സ്റ്റൈലിനല്ല, രസത്തിനുമല്ല; ക്രിക്കറ്റ് താരങ്ങൾ കളിക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്തുകൊണ്ട്?

0
335

ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമൊക്കെ പലർക്കും അറിയാം. എന്നാൽ ക്രിക്കറ്റ് താരങ്ങൾ എന്തിനാണ് ഇടക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്നതു ചിന്തിച്ചിട്ടുണ്ടോ? കപിൽ ദേവും വിവിയൻ റിച്ചാർഡ്‌സും മുതൽ വിരാട് കോലിയും ബെൻ സ്റ്റോക്‌സ് വരെയുള്ള താരങ്ങൾ ഇങ്ങനെ കളിക്കളത്തിൽ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് അനുകരിക്കുന്ന ചില ആരാധകരുമുണ്ട്. എന്നാൽ വെറുതേ ഒരു രസത്തിനോ സ്റ്റൈലിനോ അല്ല അവർ അങ്ങനെ ചെയ്യുന്നത്? എന്താണ് അതിനു പിന്നിലെ രഹസ്യം? ക്രിക്കറ്റ് കളിക്കാർ എപ്പോഴും ഇങ്ങനെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നതിനു പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.

മനസ് ശാന്തമാക്കുന്നു (Makes you feel calm and relaxed)

പലപ്പോഴും കളിക്കളത്തിൽ സമ്മർദം നേരിടുന്നവരാകും പല കളിക്കാരും. അവരെ ശാന്തരാക്കാൻ ച്യൂയിങ്ങ് ഗം സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിവേ​ഗത്തിൽ പാഞ്ഞു വരുന്ന ബൗളറെ നേരിടുന്ന ബാറ്റ്‌സ്മാൻ ആയാലും ക്യാച്ചിനായി കാത്തിരിക്കുന്ന ഫീൽഡർ ആയാലും, മനസ് ശാന്തമാക്കേണ്ടത് ആവശ്യമാണ്. ച്യൂയിങ്ങ് ഗം കളിക്കാരന്റെ പ്രകടനത്തെ സഹായിക്കുന്നതിനുള്ള ഒരു സൈക്കോജെനിക് ഉപകരണമായി ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ജലാംശം നിലനിർത്തുന്നു (Keeps you Hydrated)

മൈതാനത്ത് ഒരുപാടു നേരം നിൽക്കുന്നത് പലപ്പോഴും നിർജ്ജലീകരണത്തിന്  കാരണമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ പോലുള്ള ചൂടുള്ള കാലാവസ്ഥയിൽ. ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ച്യൂയിങ്ങ് ​ഗം ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നില്ലെങ്കിലും, അത് ചവയ്ക്കുന്നത് കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കാൻ ഇടയാക്കും. അങ്ങനെ പതിവിലും ദാഹിക്കും. അങ്ങനെ കളിക്കാരൻ കൂടുതൽ വെള്ളം കുടിക്കാനും ച്യൂയിങ്ങ് ​ഗം ചവക്കുന്നതിലൂടെ സാധിക്കും.

ഏകാ​ഗ്രത വർധിപ്പിക്കുന്നു (Increase Concentration)

ക്രിക്കറ്റ് മത്സരങ്ങൾ വളരെ ദൈർഘ്യമേറിയതായിരിക്കും. ഇതിനിടെ കളിക്കാർക്ക് കളിയിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നതും സ്വാഭാവികമാണ്. ദീർഘനേരം എന്തു പ്രവർത്തിയും ചെയ്യുമ്പോൾ ആർക്കും ഏകാഗ്രത നഷ്ടപ്പെടാം. എന്നാൽ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് അത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അത് മനസിനെ ഏകാ​ഗ്രമാക്കി നിലനിർത്തുന്നു. ഇത് ക്രിക്കറ്റ് കളിക്കാർക്ക് ​ഗുണകരമായും മാറുന്നു.

വേ​ഗത്തിലുള്ള പ്രതികരണം (Reaction Time)

ച്യൂയിങ്ങ് ​ഗം ചവക്കുന്നത് നിങ്ങളുടെ റിഫ്ലെക്സ് വേഗതയിൽ പോലും നല്ല സ്വാധീനം ചെലുത്തും. ച്യൂയിങ്ങ് ​ഗം ചവക്കുന്നത് ജാഗരൂകരായിരിക്കാൻ സഹായിക്കുമെന്നും ഇതിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ സന്ദേശങ്ങൾ അയയ്ക്കാൻ നാഡീവ്യവസ്ഥയ്ക്ക് കഴിയുമെന്നും ഒരു ശാസ്ത്രീയ പഠനം തെളിയിച്ചിരുന്നു.

ഊർജസ്വലരായി നിലനിർത്തുന്നു (Keeps your energy)

ച്യൂയിങ്ങ് ​ഗമ്മിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ഇത് കളിക്കാരനെ എപ്പോളും ഊർജസ്വലതയോടെ നിലനിർത്താനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here