സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; വഴികള്‍ അടച്ചു, വലഞ്ഞ് യാത്രക്കാര്‍

0
268

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. കോട്ടയത്ത് പലവഴികളിലും ഗതാഗതം നിയന്ത്രിച്ചതോടെ യാത്രക്കാര്‍ വലഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ് ഇത്. ഇന്നു കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പ്രവേശിക്കുന്നതിനു കര്‍ശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here