ശിവസേനയുടെ മൂന്ന് എം.എല്‍.എമാര്‍ കൂടി ഷിന്‍ഡെയുടെ ‘വിമത സേന’യില്‍; മഹാരാഷ്ട്രയില്‍ നാടകം തുടരുന്നു

0
173

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ശിവസേനയുടെ മൂന്ന് എം.എല്‍.എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത ക്യാമ്പില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഒമ്പത് സ്വതന്ത്ര എം.എല്‍.എമാര്‍ അടക്കം ‘വിമത സേന’യുടെ എണ്ണം 49 ആയി. വിമത ഗ്രൂപ്പിലെ ശിവസേന എം.എല്‍.എമാരുടെ എണ്ണം 40 ആകും.

ഇന്നലെ രണ്ട് ശിവസേന എം.എല്‍.എമാര്‍ കൂടി അസമിലെ ഗുവാഹത്തിയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു.

ഇതിന് പിന്നാലെ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. 12 എം.എല്‍.എമാര്‍ക്കെതിരെ പരാതികൊടുത്തു. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും തങ്ങള്‍ക്കും നിയമം അറിയാമെന്നും ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്നാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്.

എന്‍.സി.പി എം.എല്‍.എമാരുമായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പവാറിന്റെ പ്രതികരണം. ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ നിലവില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് അഘാഡി സഖ്യസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിമത എം.എല്‍.എമാര്‍ മുംബൈയില്‍ തിരിച്ചെത്തുമെന്നും, അതിന് ശേഷം എല്ലാം സാധാരണഗതിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു.

‘മഹാവികാസ് അഘാഡി ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എം.എല്‍.എമാര്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ സ്ഥിതി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിമത ശിവസേന എം.എല്‍.എമാരെ എങ്ങനെയാണ് ഗുജറാത്തിലേക്കും പിന്നീട് അസമിലേക്കും കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഞാനിതിന് മുന്‍പും മഹാരാഷ്ട്രയില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്,’ ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here