വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവകുപ്പ്

0
173

തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് സാംപിൾ ശേഖരിച്ച് പരിശോധിച്ചു. നോറോ വൈറസ് സ്ഥിരീകരിച്ച രണ്ടുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാക്കാമെന്നും മന്ത്രി പറഞ്ഞു.

ഗുരുതരമല്ലെങ്കിലും ശ്രദ്ധിക്കണം

വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും ഛർദി, വയറിളക്കം എന്നിവയ്ക്കും ഇതുകാരണമാകും. വൈറസ് ബാധ ഗുരുതരമല്ലെങ്കിലും കുട്ടികളെ പെട്ടെന്ന്‌ ബാധിക്കും. രോഗമുള്ള വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.

കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയുണ്ടായ തിരുവനന്തപുരം ഉച്ചക്കട എൽ.എം.എസ്. എൽ.പി. സ്കൂളിലെ രണ്ടുകുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.

രോഗലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ശരീരവേദന. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോകുകയുംചെയ്യും.

ശ്രദ്ധിക്കേണ്ടവ

• പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.

• കിണർ, വാട്ടർടാങ്ക് എന്നിവ ക്ലോറിനേറ്റുചെയ്ത് വൃത്തിയാക്കിവെക്കുക.

• തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാൻ ഉപയോഗിക്കുക.

• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.

• പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക.

• കടൽമത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിനുശേഷംമാത്രം കഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here