രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിക്ക് 13000 വോട്ട് കുറവ്, കഴിഞ്ഞ തവണ പിന്തുണച്ചത് ടി.ആർ.എസ്സടക്കമുള്ള പാർട്ടികൾ

0
115

ന്യൂഡൽഹി: 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്‌നായിക്കിന്റെ ബിജു ജനതാ ദളിന് ഏകദേശം 31,000, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ഏകദേശം 43000, ആൾഇന്ത്യാ അണ്ണാ ദ്രാവിഡ് മുന്നേറ്റ കഴകത്തിന് ഏകദേശം 15000 എന്നിങ്ങനെയാണ് വോട്ടുള്ളത്. ഇവയിൽ ചിലത് എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.

രാഷ്ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ യോഗത്തിൽ അറിയിച്ചിരിക്കുകയാണ്. പൊതുസ്ഥാനാർഥിയെ നിർത്താനും വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ശരദ് പവാർ സ്ഥാനാർഥിയാകാൻ എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന് മമത പറഞ്ഞു. 22 കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 17 കക്ഷികളാണ് പങ്കെടുത്തത്. ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി, എ.ഐ.എം.ഐ.എം, ടി.ആർ.എസ് എന്നീ പാർട്ടികൾ വിട്ടുനിന്നു. ടി.ആർ.എസിനെ അനുനയിപ്പിക്കാൻ നീക്കം നടത്താൻ യോഗത്തിൽ തീരുമാനമാനിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here