മാധ്യമങ്ങളെ കാണവേ പൊട്ടിക്കരഞ്ഞ്, കുഴഞ്ഞുവീണ് സ്വപ്‌ന; വക്കീലിനെതിരെ കേസെടുത്തത് വേട്ടയാടലെന്ന് ആരോപണം

0
220

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉരച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്.  ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തന്‍റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി.  എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ ചോദ്യം.

തന്‍റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനിക്ക് പണമില്ല. പഴയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഇന്ന് അഭിഭാഷകനെതിരെ കേസെടുത്തു. ഇന്നലെ മൂന്ന് മണിക്ക് താനൊരുഓഡിയോ പുറത്താക്കി.  കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെ. അതല്ലാതെ തന്‍റെ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എന്തിനാണ് വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും സ്വപ്ന വിതുമ്പിക്കൊണ്ട് ചോദിച്ചു. പിന്നാലെയാണ് സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതും.

സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇന്ന് കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്.  കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.

 

മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

‘ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’.

ഈ തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. പിന്നീട് തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

യാഥാർത്ഥ്യം ഇതായിരുന്നു

ഇതിനുപിന്നാലെയാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്.  ചിത്രത്തിൽ കാണുന്ന ഡ്രൈവർ മവേലിക്കര ഡിപ്പോയിൽ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും  ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആർടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി  വിജിലൻസ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിൽ  കെഎസ്ആർടിസി. വിജിലൻസിന്റെ അന്വേഷണത്തിൽ  ഡ്രൈവർ പി. എച്ച് അഷറഫ്  കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു.

ഷർട്ടിൽ അഴുക്ക് പറ്റാതിരിക്കാനാണ് തോർത്ത് മുണ്ട് മുകളിൽ വെച്ചതെന്നും കെഎസ്ആർടിസി അധികൃതർ  പറഞ്ഞു.  പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും.  ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആർടിസി അധികൃതർ വിശദമാക്കി. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here