ബിരിയാണിയില്‍ തൊട്ടാല്‍ പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണുമെന്ന് ബി. ഗോപാലകൃഷ്ണന്‍; ഇത്തരം തെമ്മാടികളുമായി ചര്‍ച്ചക്കില്ലെന്ന് സി.പി.ഐ.എം പ്രതിനിധി ബി. അനില്‍ കുമാര്‍

0
258

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഇടപെട്ട് സി.പി.ഐ.എം നേതാവ് ബി. അനില്‍ കുമാര്‍. 24 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം.

ബിരിയാണിയില്‍ തൊട്ടാല്‍ പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ബി.ജെ.പിയുടെ തെമ്മാടികളുമായി ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ചര്‍ച്ചയിലെ സി.പി.ഐ.എം പ്രതിനിധി ബി. അനില്‍ കുമാര്‍ ഇതിന് മറിപടി നല്‍കിയത്.

മുഖ്യമന്ത്രിയ്ക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ബി. ഗോപാലകൃഷ്ണന്‍ ഇത്തരമൊരു വിദ്വേഷ പരാമര്‍ശം നടത്തിയത്.

ബിരിയാണി മുകളില്‍ വെച്ചിട്ട് അടിയില്‍ സ്വര്‍ണം വെച്ചത് പെട്ടെന്ന് കണ്ടിട്ടുണ്ടാകില്ല. ബിരിയാണിയല്ലേ, തൊട്ടാല്‍ അതൊരു പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണും എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ബിരിയാണിയില്‍ പോലും മതം കൊണ്ടുവരുന്നത് കഷ്ടമാണെന്ന് അവതാരകന്‍ ഹാഷ്മിയും എന്തിനാണ് ഈ കേസില്‍ പ്രവാചകനെ വലിച്ചിഴച്ചതെന്ന് ബി. ഗോപാലകൃഷ്ണന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലും വ്യക്തമാക്കി.

പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായത് പോലെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ആളിപ്പടര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണമെന്നും നിന്ദ്യപരാമര്‍ശങ്ങളുടെ പേരില്‍ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുതെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണം.

അതേസമയം കെ.ടി. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹരജി കോടതി തള്ളിയത്.

സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്’.

ഹരജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here