പ്രണയം സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോൾ; ഒടുവില്‍ ആദിലയ്ക്ക്‌ നൂറയുടെ കൂട്ട്!

0
300

കൊച്ചി ∙ സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോൾ മൊട്ടിട്ട പ്രണയമാണ് ആലുവക്കാരി ആദില നസ്രീനെയും താമരശ്ശേരിക്കാരി ഫാത്തിമ നൂറയെയും കോടതി കയറ്റിയതും ഇപ്പോൾ കോടതി അനുമതി നല്‍കിയതോടെ ഒന്നിച്ചു ജീവിക്കുന്നതിലേക്ക് എത്തിച്ചതും. സ്വവർഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരളമൊന്നാകെ ശ്രദ്ധിച്ച വിധിയിലാണ് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയത്. തന്റെ പ്രണയിനിയായ കോഴിക്കോടു താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ (23) ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനി ആദില നസ്രീൻ (22) നൽകിയ ഹേബിയസ് കോർപസ് ഹർജി അനുവദിച്ചായിരുന്നു ഹൈക്കോടതി വിധി.

സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോഴാണു നൂറയുമായി പ്രണയത്തിലായതെന്നാണ് ആദില ഹർജിയിൽ വിശദീകരിച്ചത്. ഇരുവരുടെയും ബിരുദ പഠനം നാട്ടിലായിരുന്നു. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കൾ സൗദിയിലേക്കു കൊണ്ടുപോയി. അവിടെവച്ചാണു മാതാപിതാക്കൾ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇരുകുടുംബവും ബന്ധത്തെ എതിർത്തു. തങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇതെല്ലാം അതിജീവിക്കുകയായിരുന്നു.

ബിരുദപഠനത്തിനുശേഷം ഒളിച്ചോടാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു ഇരുവരുടെയും തീരുമാനം. തുടർന്ന് ഇരുവർക്കും ചെന്നൈയിൽ ജോലി ശരിയാക്കി. വീട്ടുകാരുടെ എതിർപ്പ് ശക്തമായതിനെത്തുടർന്ന് മേയ് 19ന് ഒളിച്ചോടി കോഴിക്കോട് ഒരു കേന്ദ്രത്തിൽ അഭയം തേടി. എന്നാൽ ബന്ധുക്കൾ ഇവിടെയെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു.

പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. എന്നാൽ നൂറയുടെ ബന്ധുക്കൾ ഇവിടെയെത്തി ബലം പ്രയോഗിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നും തന്റെ മാതാപിതാക്കൾ അവരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആദില പറയുന്നു. തുടർന്നാണ് നൂറയെ വിട്ടുകിട്ടാൻ ഹൈക്കോടതിയെ സമീപിച്ചത്.

ആദില നൽകിയ ഹർജിയിൽ ഇന്നലെ ഉച്ചയോടെ നൂറയെ ഹൈക്കോടതിയിൽ ഹാജരാക്കി. ആദില ഫയൽ ചെയ്ത ഹർജി ഇന്നലെ രാവിലെതന്നെ അടിയന്തരമായി കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നു കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇരുവരും മാതാപിതാക്കളോടൊപ്പം ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്നും ഉടനെ കോടതിയിൽ ഹാജരാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ  അറിയിച്ചു. കോടതിയിൽ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ  നൽകിയ അനുമതിപത്രവും ഹാജരാക്കി.

തുടർന്നാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാൻ നിയമപരമായി തടസ്സമില്ലെന്നു വ്യക്തമാക്കി നൂറയെ ആദില നസ്രീനൊപ്പം വിട്ടു ഹർജി തീർപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here