പൊലീസിനു നേരെ ‘പറന്നെത്തി’ ബിരിയാണി ചെമ്പ്, നിലം തൊട്ടയുടൻ ‘കസ്റ്റഡി’യിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ വാക്കേറ്റം

0
198

കാസർകോട് ∙ സ്വർണക്കള്ളക്കടത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിനു മുൻപിലെ ബാരിക്കേഡ് തകർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു നേതാക്കളുടെ പ്രസംഗത്തിനു ശേഷം വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി.

ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് എറിഞ്ഞത്. ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പ് വിട്ടുകിട്ടാൻ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പക്ഷേ പൊലീസ് വിട്ടു നൽകാൻ തയാറായില്ല. തന്റെയും കുടുംബത്തിന്റെയും പേരിൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തിൽ നിന്നു രക്ഷപ്പെടാൻ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചു വെല്ലുവിളിക്കുകയാണെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്രവും കേരളവും പരസ്പരം കള്ളനും പൊലീസും കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു. യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ കെ.നീലകണ്ഠൻ, ‌എം.അസ്സിനാർ, കെപിസിസി മെമ്പർമാരായ പി.എ.അഷ്‌റഫ്‌ അലി, കെ.വി.ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, പി.വി.സുരേഷ്, വി.ആർ.വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി.സുധാകരൻ,

ടോമി പ്ലാച്ചേനി, ഹരീഷ് പി.നായർ, ജെ.എസ്.സോമശേഖര ഷേനി, സുന്ദര ആരിക്കാടി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ, മത്സ്യ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ആർ.ഗംഗാധരൻ, ബ്ലോക്ക്‌ പ്രസിഡന്റ്മാരായ കെ.ഖാലിദ്, തോമസ് സെബാസ്റ്റ്യൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, മധുസൂദനൻ ബാലുർ, കെ.വാരിജാക്ഷൻ, ഡിഎംകെ മുഹമ്മദ്, ലക്ഷ്മണ പ്രഭു, എ.വാസുദേവൻ, പി.സി.സുരേന്ദ്രൻ നായർ, പി.രാമചന്ദ്രൻ, ജി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here