മാണ്ഡ്യ ജുമാ മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ജപിക്കുമെന്ന് ഹിന്ദുത്വ വാദികള്‍; 144 പ്രഖ്യാപിച്ച് അധികാരികള്‍

0
26

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ജുമാ മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച് ഹിന്ദുത്വവാദികള്‍. പള്ളിയുടെ പുറത്ത് പ്രതിഷേധപരിപാടികള്‍ നടത്താനും ഹിന്ദുത്വവാദികള്‍ തീരുമാനിച്ചതായി ഇന്ത്യാ ടിഡേ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ മസ്ജിദ് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന സ്ഥിരം പ്രഖ്യാപനവുമായാണ് മാണ്ഡ്യ ജുമാ മസ്ജിദിലും ഹിന്ദുത്വവാദികള്‍ എത്തിയത്.

വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി), ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അധികാരികളില്‍ നിന്നും അനുമതി തേടിയിരുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.

നഗരപരിധിക്കുള്ളില്‍ ഇത്തരം ഒത്തുചേരലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും എന്നാല്‍ നഗരപരിധിയ്ക്ക് പുറത്താണ് ഇവര്‍ അനുമതി ചോദിക്കുന്നതെന്നും മാണ്ഡ്യ ഡെപ്യൂട്ടി കളക്ടര്‍ അശ്വതി എസ്. പറഞ്ഞു.

പ്രതിഷേധം നടത്തുമെന്ന ഹിന്ദുത്വവാദികളുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് 12വരെയാണ് നിരോധനാജ്ഞയുണ്ടാകുക.

ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയത് പോലെ മാണ്ഡ്യപള്ളിയുടെ ശരിയായ ചരിത്രം പുറത്തുകൊണ്ടുവരാന്‍ പള്ളികളില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. പള്ളികള്‍ക്ക് പുറമെ കുത്തബ് മിനാര്‍, താജ് മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങള്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.

മാണ്ഡ്യ ജുമാമസ്ജിദിലും സമാനമായ ആവശ്യവുമായി മെയ് 20നാണ് ഹിന്ദുത്വവാദികള്‍ മാണ്ഡ്യ ജില്ലാ കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here