ഒരു വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയിലെ പ്രവാസിക്ക് 40 കോടിയുടെ സമ്മാനം

0
197

അബുദാബി: നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായി ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന ‘മൈറ്റി 20 മില്യന്‍‘ നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ ആരിഫ് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

എല്ലാ മാസവും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടാണ് ആരിഫ് ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇതിനായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുമായിരുന്നു. എന്നെങ്കിലും വിജയിയുടെ സ്ഥാനത്ത് തന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു മാസം തോറുമുള്ള ഈ യാത്ര. കഴിഞ്ഞ ദിവസം രാത്രി സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും ആ സന്തോഷം മറച്ചുവെച്ചില്ല.

‘കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്‍തിരുന്നത് ബിഗ് ടിക്കറ്റെടുക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ വിജയിയാവാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു. എന്നാല്‍ ബിഗ് ടിക്കറ്റെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ ഇനിയും ഒരു വിജയിയായി ഞാന്‍ മാറുമെന്നാണ് പ്രതീക്ഷ’ – ആരിഫ് പറഞ്ഞു.

The first Bangladeshi national named the Big Ticket grand prize winner takes home AED 20 Million

നേരത്തെ 12 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ആരിഫ് പിന്നീടാണ് യുഎഇയിലെത്തിയത്. ഇപ്പോള്‍ പ്രീ ഓണ്‍ഡ് കാറുകളുടെ ബിസിനസ് നടത്തുന്ന അദ്ദേഹം നേരത്തെ പാര്‍ക്കിങ് ബിസിനസും ബാത്ത്റൂം ഫിറ്റിങ്സ് വില്‍ക്കുന്ന ഷോപ്പുമൊക്കെ നടത്തിയിരുന്നു. ശനിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സ്ഥിരം അവതാരകരായ റിച്ചാര്‍ഡിനും ബുഷ്റയ്ക്കുമൊപ്പം സിറ്റി 101.6 റേഡിയോ അവതാരകന്‍ സിദ്ധാര്‍ത്ഥ് വോറ ഗസ്റ്റ് അവതാരകനായിരുന്നു. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ വിജയിയാണ് ഇക്കുറി ഒന്നാം സമ്മാനാര്‍ഹനെ തെരഞ്ഞെടുത്തത്.

144481 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ആരിഫിനെ ഭാഗ്യം തേടിയെത്തിയത്. 271300 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരിയായ ഫബിത ബിനാസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരിയായ നിഹിത വിന്‍സന്‍റ് ആണ്. 219746 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സന്തോഷ് പയ്യാമ്പ്രയില്‍ രവീന്ദ്രന്‍  നാലാം സമ്മാനമായ 053184 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ ജയ്സണ്‍ ജോണ്‍ 018924  എന്ന ടിക്കറ്റ് നമ്പരിലൂടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി സ്വന്തമാക്കി.

ജൂലൈ ഒന്നിനാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. ‘ഫന്റാസ്റ്റിക് 15 മില്യന്‍’ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.5 കോടി ദിര്‍ഹമായിരിക്കും (30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. 1,00,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുകയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ജൂണ്‍ മാസത്തില്‍ ടിക്കറ്റുകളെടുക്കുന്നവര്‍ ഓരോ ആഴ്ചയിലും ഒരാള്‍ക്ക് വീതം 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന പ്രതിവാര നറുക്കെടുപ്പുകളിലും പങ്കാളികളാക്കപ്പെടും. അവയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

  • പ്രൊമോഷന്‍ – 1: ജൂണ്‍ 1 മുതല്‍ 8 വരെ – നറുക്കെടുപ്പ് ജൂണ്‍ 9 (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ – 2: ജൂണ്‍ 9 മുതല്‍ 15 വരെ – നറുക്കെടുപ്പ് ജൂണ്‍ 16 (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ – 3: ജൂണ്‍ 16 മുതല്‍ 22 വരെ – നറുക്കെടുപ്പ് ജൂണ്‍ 23 (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ – 4: ജൂണ്‍ 23 മുതല്‍ 30 വരെ – നറുക്കെടുപ്പ് ജൂലൈ 2 (വെള്ളിയാഴ്ച)

LEAVE A REPLY

Please enter your comment!
Please enter your name here