സ്വയം ചികിത്സ പാടില്ല. മസിൽ വേദനയും മുതുക് വേദനയും ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ലക്ഷണമാകാം,​ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

0
356

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി,​ എലിപ്പനി എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെയുള്ള ചികിത്സയാണ് ഈ രണ്ട് രോഗങ്ങൾക്കും ആവശ്യമായി വേണ്ടത്. മസിൽവേദന, മുതുക് വേദന എന്നിവയുണ്ടെങ്കിൽ പോലും ചിലപ്പോൾ ഈ രോഗങ്ങളാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താൻ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇനിയുള്ള നാല് മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്സി കോർണറുകൾ സ്ഥാപിക്കും.

വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകൾക്ക് ഉള്ളിലും കൊതുകിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ജില്ലാ ഓഫീസർമാർ ഫീൽഡ്‌തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിർദ്ദേശങ്ങൾ

  • ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർ വേസുകൾ എന്നിവയിൽ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക.
  • രാവിലെയും വൈകിട്ടുമാണ് കൊതുക് വീടിനുള്ളിൽ കയറാൻ സാധ്യത. ആ നേരങ്ങളിൽ വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടുക.

LEAVE A REPLY

Please enter your comment!
Please enter your name here