സി.എ.എ ഉടന്‍ നടപ്പാക്കുമെന്ന ഷായുടെ പ്രഖ്യാപനം; കടുത്ത പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകള്‍

0
299

ദിസ്പൂര്‍: പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആസ്ഥാനമായുള്ള സംഘടനകള്‍.

മെയ് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രി അമിത് ഷാ അസമില്‍ പര്യടനത്തിന് മൂന്ന് ദിവസത്തെ പര്യടനത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളുടെ മുന്നറിയിപ്പ്. സി.എ.എ നടപ്പാക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ എം.എല്‍.എ അഖില്‍ ഗൊഗോയ് പറഞ്ഞു.

‘ബിജെപിക്ക് സി.എ.എ പാര്‍ലമെന്റില്‍ പാസാക്കിയത് ഭൂരുപക്ഷമുള്ളതുകൊണ്ടാണ്. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ തദ്ദേശവാസികളുടെ ആശങ്കകള്‍ അവഗണിച്ചതിനാലാണ് ജനവികാരം ഈ നിയമത്തിന് എതിരായത്,’ അസം ജാതിയതാബാദി പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.

സി.എ.എ നടപ്പിലാക്കാന്‍ ഒരു ശ്രമവും അനുവദിക്കില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും(എന്‍.ഇ.എസ്.ഒ) മുന്നറിയിപ്പ് നല്‍കി. സി.എ.എ നടപ്പാക്കാനുള്ള ശ്രമം മേഘാലയയില്‍ അശാന്തിയിലേക്ക് നയിക്കുമെന്ന് മേഘാലയയില്‍ ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഒരു യാഥാര്‍ത്ഥ്യമാണെന്നും കൊവിഡ് തരംഗം അവസാനിച്ചാലുടന്‍ അത് നടപ്പാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്ന അമിത് ഷാ ആഹ്വാനം.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ നിയമം നടപ്പാക്കില്ലെന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സി.എ.എ വിരുദ്ധ സമരത്തിനായി സംഘടനകള്‍ തയ്യാറെടുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here