വിദ്വേഷ മുദ്രവാക്യ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു; മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമനടപടിയ്ക്ക് എസ്ഡിപിഐ

0
224

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അനാവശ്യമായി പേര് വലിച്ചിഴച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയും.

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയ്ക്കിടെ ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി കുറ്റം ചാര്‍ത്തുന്നത് എസ്ഡിപിഐയെയാണ്. ഇത് ബോധപൂര്‍വമാണെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പകരമായി സംഘടനയെ പ്രതിക്കൂട്ടിലാക്കി സമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. തിരുവനന്തപുരം പ്രസംഗത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദേശമുണ്ട്. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായം കണക്കിലെടുത്തും, ആരോഗ്യ സ്ഥിതിയും മുൻ എംഎൽഎ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.

അതേസമയം പി സി ജോർജ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു. പാലാരിവട്ടം കേസിൽ ജാമ്യം നൽകി പി സി ജോർജിനെ ബഹുമാനിക്കരുത്. ജാമ്യം നൽകി പുറത്തിറങ്ങിയാൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here