വിദ്വേഷപ്രസംഗ കേസിൽ പിസി ജോർജ്ജിന് കർശന ഉപാധികളോടെ ജാമ്യം

0
153

തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. (PC Geogre). ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അതേ സമയം വെണ്ണല കേസിൽ അദ്ദേഹത്തിന് കോടതി മുൻ‌കൂർ ജാമ്യവും അനുവദിച്ചു.

ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ  നിലപാടെടുത്തു. പിസി ജോർജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചു.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു. തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here