‘മുഹമ്മദെന്നാണോ പേര്’: 65-കാരനെ ക്രൂരമായി മര്‍ദിച്ച് BJP നേതാവിന്റെ ഭര്‍ത്താവ്, കൊലപാതകത്തിന് കേസ്‌

0
336

ഭോപാല്‍: മധ്യപ്രദേശില്‍ കാണാതായ 65-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തു. രത്‌ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ മരിച്ച സംഭവത്തിലാണ് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. മാനസികവെല്ലുവിളി നേരിടുന്ന ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.

രാജസ്ഥാനില്‍ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ ഭന്‍വര്‍ലാലിനെ മേയ് 15-ാം തീയതി മുതലാണ് കാണാതായത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വയോധികന്റെ ഫോട്ടോ സഹിതം പോലീസ് അറിയിപ്പുകള്‍ നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ റോഡരികില്‍ ഭന്‍വര്‍ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.

ഭന്‍വര്‍ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ മര്‍ദിക്കുന്ന ചില വീഡിയോകളും പുറത്തുവന്നത്. ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്‌വഹ വയോധികനെ മര്‍ദിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ‘എന്താണ് നിന്റെ പേര് മുഹമ്മദ് എന്നാണോ’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഇയാള്‍ വയോധികന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മര്യാദയ്ക്ക് പേര് പറയാനും ആധാര്‍ കാര്‍ഡ് കാണിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നതും ഇതിനിടെ മാനസികവെല്ലുവിളി നേരിടുന്ന വയോധികന്‍ പണം നല്‍കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ദിനേശ് 65-കാരനെ വീണ്ടും വീണ്ടും മര്‍ദിക്കുകയായിരുന്നു.

ഭന്‍വര്‍ലാലിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ദിനേശിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തുവന്ന വീഡിയോ വ്യാഴാഴ്ച ചിത്രീകരിച്ചതാണെന്നാണ് കരുതുന്നതെന്നും പോലീസ് ഉദ്യോഗസ്ഥനായ കെ.എല്‍. ഡാംഗി പ്രതികരിച്ചു. സംഭവത്തില്‍ കൊലക്കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പേര് ചോദിച്ച് വയോധികനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കേസിലെ പ്രതി പ്രതി തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ബിജെപി നേതാവായ രജ്‌നീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരോട് സര്‍ക്കാര്‍ ഒരിക്കലും ദയകാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here