ബീഫ് വിവാദം: നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബറാക്രമണം കാര്യമാക്കാറില്ല – നിഖില വിമൽ

0
154

ദുബൈ: ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. ഈ വിഷയത്തിൽ നടന്ന സൈബറാക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് എന്തിനാണ് പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.

അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന് പോസിറ്റീവായി ഗുണം ചെയ്തുവെന്ന് സംവിധായകൻ അരുൺ ഡി. ജോസ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇൻറർവ്യൂവർ ചോദിക്കേണ്ടത് സിനിമയെ കുറിച്ചാണ്. ആ ചോദ്യത്തിൽ തന്നെ പ്രശ്‌നമുണ്ട്. അത് പാളിയപ്പോഴാണ് ഇത്തരം വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here