പോപ്പുലര്‍ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

0
166

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സംഭവത്തില്‍ ഇരട്ടനീതിയാണ് നടക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് എറണാകുളത്ത് എസ്ഡിപിഐ പ്രതിഷേധം നടത്തുകയാണ്.

അതേസമയം മുദ്രാവാക്യം വിളിയില്‍ വിശദീകരണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിനെ ഉദ്ദേശിച്ചായിരുന്നു മുദ്രാവാക്യമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി സമരത്തിലും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. ഒരു മതത്തിന് എതിരെയും പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഒളിവില്‍ പോയില്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടി സംഘടിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.

റാലിക്കിടെയില്‍ ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകരും ഉത്തരവാദികളാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. റാലിയില്‍ എന്തും വിളിച്ച് പറയാമോയെന്ന് ചോദിച്ച കോടതി വിളിച്ചവര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കി. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താനായി പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here