പൊറോട്ട പഴയ പൊറോട്ട തന്നെ, പക്ഷേ അനശ്വര പഴയ അനശ്വരയല്ല; അമ്മയ്ക്കൊപ്പം കടയില്‍ പൊറോട്ടയടിച്ച അനശ്വര ഇനി അഭിഭാഷക

0
207

കോട്ടയം: ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ  പൊറോട്ട അടിച്ച്  ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ് അനശ്വരയാണ്. എൽഎൽബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്ക്കൊപ്പം പൊറോട്ട നിർമാണത്തിൽ സജീവ പങ്കാളിയായി മാറിയ പുത്തൻകൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്. അമ്മയൊടൊപ്പം  അനായാസം പൊറോട്ട നിർമിക്കുന്ന അനശ്വരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അല്‍പം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാള്‍ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി നല്ല വെടിപ്പായി ചെയ്യും.

അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.

അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ഹോട്ടലിൽ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള തറവാട്ടുവീട്ടിലാണ് ഇവരുടെ താമസം.

ന്യൂഡൽഹി ആസ്ഥാനമായ ലീഗൽ കമ്പനി അനശ്വരയ്ക്കു ജഡ്ജിയാകാനുള്ള പരിശീലനം വാഗ്ദാനം ചെയ്തു. തൊടുപുഴ അൽ അസ്ഹർ കോളജിലായിരുന്നു എൽഎൽബി പഠനം. അനശ്വര പോറോട്ടയടി വൈറലായതിനിന് പിന്നാലെ നിരവധി പ്രമുഖര്‍ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നടനും മുന്‍ രാജ്യസഭാംഗവുമായിരുന്ന സുരേഷ് ഗോപി അനശ്വരയ്ക്ക് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here