പകൽ പരിപാടികൾ, വിമാനത്തിൽ ഉറക്കം , താമസച്ചെലവ് ലാഭം; മോദി രാത്രിയാത്ര തിരഞ്ഞെടുക്കുന്നതിന് പിന്നിൽ

0
143

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾ ആരംഭിക്കുന്നത് പലപ്പോഴും രാത്രികളിലാണ്. പകല്‍ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുംവിധത്തിലാണ് യാത്രകളുടെ ക്രമീകരണം. രാത്രികളിൽ വിമാനത്തിൽ ചിലവഴിച്ച് പകല്‍ സമയത്ത് പരിപാടികളിൽ പങ്കെടുക്കുക എന്ന രീതിയാണ് നരേന്ദ്ര മോദി കഴിഞ്ഞ കുറേ നാളുകളായി പിന്തുടർന്ന് വരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നരേന്ദ്ര മോദി വിദേശ പര്യടനത്തിന്റെ തിരക്കിലാണ്. ഡെൻമാർക്ക്, ഫ്രാൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ജർമ്മനിയിലും എത്തിയിരുന്നു. അടുത്ത ആഴ്ചയിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനവും വരുന്നുണ്ട്. എന്നാൽ ഈ യാത്രകളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടർന്നിരുന്ന രീതി രാത്രി യാത്ര എന്നതായിരുന്നു.

സമയം ലാഭിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഇത്തരത്തിൽ രാത്രി യാത്ര തിരഞ്ഞെടുക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാത്രി യാത്രചെയ്ത് പിറ്റേദിവസം ലക്ഷ്യസ്ഥാനത്തെത്തി മീറ്റിങ്ങുകളിലും പരിപാടികളിലും പങ്കെടുക്കും വിധത്തിലാണ് യാത്രകളുടെ ക്രമീകരണം. ജപ്പാൻ യാത്രയും സമാന രീതിയിൽ തന്നെയാണ് പ്രധാനമന്ത്രി ക്രമീകരിച്ചിരിക്കുന്നത്. മേയ് 22ന് രാത്രി പുറപ്പെട്ട് മേയ് 23ന് അതിരാവിലെ ടോക്യോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.

ഒരു മാസത്തിനിടെ അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്. വെറും മൂന്ന് രാത്രികൾ മാത്രമാണ് ഈ അഞ്ച് രാജ്യങ്ങളിൽ മോദി ചിലവഴിക്കേണ്ടി വന്നത്. നാല് ദിവസവും അദ്ദേഹം ചിലവഴിച്ചത് വിമാനത്തിലായിരുന്നു.

സാധാരണക്കാരനായി തൊണ്ണൂറുകളിൽ മോദി യാത്ര ചെയ്യുമ്പോഴും ഇത്തരത്തിലുള്ള രീതിയാണ് പിന്തുടർന്നിരുന്നതെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രധാനമന്ത്രിയെ അടുത്തറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പകൽ സമയങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും രാത്രികളിൽ വിമാനങ്ങളിലും മറ്റും യാത്ര ചെയ്യുന്ന രീതി ആയിരുന്നു അന്നും നരേന്ദ്ര മോദി പിന്തുടർന്നിരുന്നത്. ഉറക്കം വിമാനങ്ങളിലും, താമസം വിമാനത്താവളങ്ങളിലും ആയിരുന്നുവെന്നും ഇതിലൂടെ ഹോട്ടലിലെ താമസ ചിലവ് ലാഭിക്കുമായിരുന്നുവെന്നും അടുത്തവൃത്തങ്ങൾ പറഞ്ഞതതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here