എ.ആർനഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിൽ ഒത്തുതീർപ്പ്? ആരോപണവുമായി മുൻ എംഎസ്എഫ് നേതാക്കൾ

0
197

കോഴിക്കോട്: മുസ്ലീംലീഗ് നേതൃത്വത്തിനെതിര ഗുരുതര ആരോപണവുമായി  മുൻ എംഎസ്എഫ് നേതാക്കൾ. മലപ്പുറത്തെ എആർ നഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ഡോ.കെടി ജലീലും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നും നേതൃത്വത്തിന്റെ അറിവോടെ നടന്ന ഈ രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണെന്നും മുൻ എം എസ്എഫ് നേതാക്കൾ കോഴിക്കോട്ട് പറഞ്ഞു.

ഹരിത വിഷയത്തിൽ പരാതിക്കാരികൾക്കൊപ്പം നിലപാടെടുത്തതിന് പുറത്താക്കപ്പെട്ട എംഎസ്എഫ്  മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, ജോ. സെക്രട്ടറി കെ എം ഫവാസ്, പി പിഷൈജൽ എന്നിവരാണ്  ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചന്ദ്രിക,എആർ നഗർ ബാങ്ക് ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം നടത്തിയ രഹസ്യചർച്ചകൾ ചോർത്തി പുറത്തുവിട്ടത് പിഎംഎ സലാമാണ്. കുഞ്ഞാലിക്കുട്ടി കെടി ജലീലുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ് പിന്നീട് കാര്യങ്ങളൊന്നും പുറത്തുവരാതിരുന്നത്.  സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി പൊന്നാനിയിൽ ലോക്സഭ സീറ്റ് നേടുകയാണ് പിഎംഎ സലാമിന്‍റെ ലക്ഷ്യമെന്നും ഇവർ ആരോപിക്കുന്നു.

ഏറ്റവുമൊടുവിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസിനെക്കുറിച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി സ്വകാര്യ സംഭാഷണത്തിൽ നടത്തിയ പരാമർശം പുറത്തുവിട്ടതും പിഎംഎ സലാമെന്നാണ് ആരോപണം.  എ ആർ  നഗർ , ചന്ദ്രിക വിഷയങ്ങളിൽ സലാമിന്‍റെ ഇടപെടലുൾപ്പെടെയുളള  നിർണായക വിവരങ്ങൾ കയ്യിലുണ്ടെന്നും  ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ പറഞ്ഞു. നിലവിൽ ലീഗിനകത്ത് പിഎംഎ സലാമിനോടുളള ഒരുവിഭാഗം നേതാക്കളുടെ എതിർപ്പ് കൂടിയാണ് എംഎസ്എഫ് നേതാക്കളിലൂടെ പുറത്തുവരുന്നത് എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here