എന്താണ് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് എതിർക്കപ്പെടുന്നു?- 124 എ വകുപ്പിനെക്കുറിച്ച് അറിയാം

0
138

കാലഹരണപ്പെട്ടതും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ 124എ വകുപ്പ് റദ്ദാക്കപ്പെടണമെന്നതില്‍ ഒരു സംശയവുമില്ല. ‘നിയമപ്രകാരം സ്ഥാപിക്കപ്പെട്ട’ സര്‍ക്കാരിനെതിരേ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും അടയാളത്തെയുംപോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കില്‍ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് 124എ വകുപ്പിലെ വാക്കുകളും പ്രയോഗങ്ങളും. അക്രമത്തിന് പ്രേരണനല്‍കുമ്പോള്‍ മാത്രമാണ് ഈ വകുപ്പനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താനാവുക എന്ന് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി വിധിപറഞ്ഞെങ്കിലും 60 വര്‍ഷമായി ഈ വിധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് കേസുകള്‍ ഭരണകൂടം വിമര്‍ശകര്‍ക്കെതിരേ ചുമത്തുകയുണ്ടായി. നിയമത്തിലെ വാക്കുകള്‍ വ്യാഖ്യാനിക്കുകമാത്രമാണ് കോടതി ചെയ്തത്. അവ എടുത്തുകളയാന്‍ മുമ്പ് കോടതി തയ്യാറായിരുന്നില്ല. അതിനാല്‍ത്തന്നെ ഈ വ്യവസ്ഥ ഉപയോഗിച്ച് വിമര്‍ശകരെ പീഡിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ പതിവുശൈലിയായി മാറി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി രാജ്യദ്രോഹവ്യവസ്ഥയുടെ ഭിന്നവശങ്ങള്‍ വീണ്ടും പരിശോധിക്കുന്നത്.

അവ്യക്തവും അമൂര്‍ത്തവും

തികച്ചും അവ്യക്തവും അമൂര്‍ത്തവും ആര്‍ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിധത്തിലുമുള്ളതാണ് 124 എ വകുപ്പിലെ പ്രയോഗം. അതിനാലാണ് അക്രമത്തിന് ആഹ്വാനംനല്‍കാത്ത കേവലവിമര്‍ശനങ്ങളെപ്പോലും ഈ വ്യവസ്ഥയുടെ കീഴില്‍വരുന്നതായി വ്യാഖ്യാനിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അഥവാ പോലീസിന് കഴിയുന്നത്. ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കേദാര്‍നാഥ് സിങ് കോണ്‍ഗ്രസിനെയും ഫ്യൂഡല്‍ വ്യവസ്ഥിതിയെയും വിമര്‍ശിച്ച് നടത്തിയ പ്രസംഗമായിരുന്നു രാജ്യദ്രോഹക്കുറ്റം അദ്ദേഹത്തിനെതിരേ ചുമത്തുന്നതിലേക്ക് നയിച്ചത്. ഇപ്പോഴും 124 എ വകുപ്പ് ജനവിരുദ്ധമായ വിധത്തില്‍ പരന്നുകിടക്കുന്നതാണ്. നിയമവ്യവസ്ഥയുടെ ദുര്‍വ്യാഖ്യാനസാധ്യത നിയമം റദ്ദാക്കാനുള്ള കാരണമാകാമെന്ന് ശ്രേയാ സിംഘാളിന്റെ കേസില്‍ (2015) സുപ്രീംകോടതി പറഞ്ഞതാണ്.

കാലഹരണപ്പെട്ട നിയമം

ഇംഗ്ലണ്ടിലെ രാജ്യദ്രോഹക്കുറ്റമായിരുന്നു കേദാര്‍നാഥ് കേസ് വിധിയുടെ ആധാരങ്ങളിലൊന്ന്. എന്നാല്‍, 1998-ല്‍ ബ്രിട്ടണില്‍ മനുഷ്യാവകാശനിയമം നിലവില്‍വന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഇംഗ്ലണ്ടില്‍ രാജ്യദ്രോഹക്കുറ്റം എടുത്തുകളയപ്പെട്ടത്. ന്യൂസീലന്‍ഡ്, കാനഡ, യു.എസ്., ഓസ്ട്രേലിയ എന്നിങ്ങനെ പലരാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്തു. അവികസിത ജനാധിപത്യങ്ങള്‍പോലും ഇന്ന് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ വിശ്വസിക്കുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്നെന്ന് വിവരിച്ചുകൊണ്ട് നൈജീരിയയിലെ ഫെഡറല്‍ അപ്പലറ്റ് കോടതി അവിടത്തെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറയുകയുണ്ടായി (ആര്‍ഥര്‍ ന്വാന്‍ക്വോയുടെ കേസ്, 1985). എല്ലാ അര്‍ഥത്തിലും നിരപരാധികളായ വ്യക്തികളെ അവരുന്നയിച്ച ഭരണകൂട വിമര്‍ശനത്തിന്റെ പേരില്‍മാത്രം പ്രതികളാക്കാന്‍ ഭരണകൂടത്തെ സഹായിക്കുന്നതാണ് 124എ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാനിര്‍മാണ അസംബ്ലിയില്‍ ഉണ്ടായ ചര്‍ച്ചകളെക്കുറിച്ച് വിശദമായ പരിശോധന കേദാര്‍നാഥ് കേസ് വിധിയില്‍ ഉണ്ടായിരുന്നില്ല. ഈ പറഞ്ഞ വാദമുഖങ്ങള്‍ ഇതിനുമുമ്പ് ഈ ലേഖകന്‍ വിശദമായി മുന്നോട്ടുവെച്ചിരുന്നു (ഫ്രണ്ട് ലൈന്‍, 18 മാര്‍ച്ച് 2016).

വിയോജിപ്പും ജനാധിപത്യവും

ഗാന്ധിജി മാത്രമല്ല, ബാലഗംഗാധര തിലക് മുതല്‍ ലാലാ ലജ്പത്റായ് വരെ എത്രയോ സ്വാതന്ത്ര്യ സമരനേതാക്കള്‍ക്കെതിരേ ബ്രിട്ടീഷുകാര്‍ ഈ വ്യവസ്ഥ പ്രയോഗിച്ചു. 1922-ല്‍ ‘മഹത്തായ വിചാരണ’ (The great trial)യില്‍ മഹാത്മാഗാന്ധി ഈ വ്യവസ്ഥയെ തുറന്നുകാണിക്കുകയുണ്ടായി. രാജ്യത്തെ മഹാന്മാരായ ദേശാഭിമാനികളില്‍ പലരും ഈ ‘രാഷ്ട്രീയ നിയമവ്യവസ്ഥ’യുടെ ഇരകളായിരു?െന്നന്ന് ഗാന്ധിജി പറഞ്ഞു. പണ്ഡിറ്റ് നെഹ്രുവും ഈ നിയമവ്യവസ്ഥയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചു.

സുപ്രീംകോടതിതന്നെയും ഈ നിയമവ്യവസ്ഥയുടെ ദുരുപയോഗത്തിനെതിരേ ശക്തമായ പരാമര്‍ശങ്ങള്‍ മുന്‍കാലവിധികളില്‍ നടത്തിയിട്ടുണ്ട്. ബല്‍വന്ത് സിങ്ങിന്റെ കേസ് (1995) ബിലാല്‍ അഹമ്മദിന്റെ കേസ് (1997) എന്നിവ ഉദാഹരങ്ങള്‍.

വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ആത്യന്തികമായി സൃഷ്ടിക്കുന്നത് ശ്മശാനങ്ങളുടെ ഐകരൂപ്യം മാത്രമാണെന്ന് പറഞ്ഞത് രാഷ്ട്രീയചിന്തകനായ റോബര്‍ട്ട് ജാക്സണാണ്. വിയോജിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സാംസ്‌കാരത്തില്‍മാത്രമേ ജനാധിപത്യം വളരൂ. അത്തരമൊരു ഭരണഘടനാ സംസ്‌കാരത്തില്‍ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് സ്ഥാനമുണ്ടാവില്ല. അതിനാല്‍ത്തന്നെ ഇന്ത്യന്‍ സുപ്രീംകോടതി കാലഹരണപ്പെട്ട ഈ ജനവിരുദ്ധവ്യവസ്ഥ റദ്ദാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(2022 മേയ് നാലിന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നുള്ള ഭാഗം)

LEAVE A REPLY

Please enter your comment!
Please enter your name here