ആർ എസ് എസ് ശാഖക്ക് ബദലാകാൻ തിരംഗ ശാഖയുമായി ആം ആദ്മി പാർട്ടി

0
159

ബി ജെ പിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന ആർഎസ്എസ് ശാഖകൾക്ക് ബദലാകാൻ ‘തിരംഗ’ ശാഖകളുമായി ആം ആദ്മി പാർട്ടി. തുടക്കമെന്ന നിലയിൽ ബിജെപിക്കും ആർഎസ്എസിനും ശക്തമായ സ്വാധീനമുള്ള ഉത്തർ പ്രദേശിലാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ‘തിരംഗ’ ശാഖകൾ സ്ഥാപിക്കുന്നത്. ആർഎസ്എസ് പ്രചരിപ്പിക്കുന്നത് കപട രാജ്യസ്നേഹമാണെന്നും അതിന് ബദ​ലായി മതേതരത്വവും സ്ഹേഹവും പ്രചരിപ്പിക്കാനാണ് ‘തിരംഗ’ ശാഖകൾ യാഥാർത്ഥ്യമാക്കുന്നതെന്നും ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗ് പറയുന്നു.

10,000 ശാഖകളാണ് പരീക്ഷണാടിസ്ഥാനത്തിൽ യുപിയിൽ ആരംഭിക്കുന്നത്. കുട്ടികളിൽ ശരിയായ രാജ്യസ്നേഹം വളർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് എഎപി അവകാശപ്പെടുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയത്തിനെതിരായാണ് തങ്ങളുടെ പോരാട്ടമെന്നാണ് ആം ആദ്മിയുടെ വാദം. മതേതരത്വം സംരക്ഷിക്കാൻ ‘തിരംഗ’ ശാഖകൾ ആവശ്യമാണെന്നും സഞ്ജയ് സിംഗ് വൃക്തമാക്കി.

എഎപി ശാഖകൾ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ശാഖകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഉത്തർപ്രദേശിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സംഘടിപ്പിക്കുന്ന ആം ആദ്മി പാർട്ടിയുടെ ശാഖാ യോഗത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ജനങ്ങൾക്കായി വായിക്കും. അതുവഴി യഥാർത്ഥ മതേതരത്വം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. എഎപിയുടെ ശാഖകളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ അംബേദ്കർ, മഹാത്മാഗാന്ധി, ഭഗത് സിംഗ്, അഷ്ഫാഖ് ഉള്ള എന്നിവരെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് സിംഗ് പറഞ്ഞു.

തിരംഗ ശാഖകൾക്കു മുന്നോടിയായി യുപിയിൽ നടത്തിയ യാത്രയിൽ ഉയർത്തിയ മുദ്രാവാക്യം ഹിന്ദു– മുസ്‌ലിം– സിഖ് ഭായി ഭായി എന്നതായിരുന്നു. ബിജെപിക്ക് ശക്തിയുള്ള മേഖലകളിലെല്ലാം തിരംഗ ശാഖകൾ കൊണ്ടുവരികയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ലക്ഷ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here