ആൻഡ്രൂ സൈമണ്ട്‌സ്- ഐപിഎല്ലിന് മറക്കാനാവാത്ത പേര്; ആദ്യ താരലേലത്തിലെ ഇരട്ട റെക്കോര്‍ഡിനുടമ

0
376

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്(Indian Premier League) ഒരിക്കലും മറക്കാനാവാത്ത പേരാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റേത്(Andrew Symonds). പ്രഥമ ഐപിഎല്‍ (IPL 2008) സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്. മാത്രമല്ല, ലേലത്തില്‍ ഉയര്‍ന്ന വില ലഭിച്ച വിദേശ താരവും ആൻഡ്രൂ സൈമണ്ട്‌സായിരുന്നു. 5.4  കോടി രൂപയ്‌ക്ക് ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് ഓസീസ് വമ്പനെ സ്വന്തമാക്കിയത്.

മൂന്ന് സീസണുകളില്‍ ആൻഡ്രൂ സൈമണ്ട്‌സ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ജേഴ്‌സിയണിഞ്ഞു. 2009ല്‍ ടീം കപ്പുയര്‍ത്തിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായി. തന്‍റെ അവസാന ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ആൻഡ്രൂ സൈമണ്ട്‌സ് കളിച്ചത്. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി.

ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തില്‍ ഇന്നാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ വേര്‍പാട്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായും സേവനമനുഷ്ടിച്ചിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്‌.

ആൻഡ്രൂ സൈമണ്ട്‌സ്‌ ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡ‍ര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു. ഷെയ്ൻ വോണിനും റോഡ് മാർഷിനും ശേഷം ഈ വർഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്‌.

LEAVE A REPLY

Please enter your comment!
Please enter your name here