സുമനസുകള്‍ കനിഞ്ഞു; ഹിന്ദുത്വ ഭീകരര്‍ തകര്‍ത്ത കരൗളിയിലെ ഉസ്മാന്റെ കട വീണ്ടും തുറന്നു

0
123

ന്യൂദല്‍ഹി: വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം എന്ന രീതിയില്‍ രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊട്ടടുത്ത കടകളില്‍ നില്‍ക്കുന്ന ഉസ്മാന്‍, രവി എന്നീ രണ്ട് പ്രാദേശിക കച്ചവടക്കാരുടെ ചിത്രമായിരുന്നു ഇത്.

തൊട്ടടുത്ത് ഒരേ ചുവരിന്റെ അരികില്‍ കച്ചവടം നടത്തുന്ന രണ്ട് മതത്തില്‍ പെട്ടവര്‍ക്ക് രണ്ട് ഗതി എന്ന് പറഞ്ഞാണ് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെച്ചിരുന്നത്. എന്നാല്‍ സുമനസുകളുടെ പിന്തുണയില്‍ വീണ്ടും തന്റെ തയ്യല്‍കട തുറന്നിരിക്കുകയാണ് രാജസ്ഥാന്‍ കരൗളിയിലെ ഉസ്മാന്‍.

ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആഘോഷത്തിനിടെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിലായിരുന്നു ഉസ്മാന്റെ കട തകര്‍ന്നിരുന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു സംഘര്‍ഷം നടന്നത്. കട പുതുക്കിപ്പണിയാന്‍ സഹായിച്ചവരടക്കമുള്ളവര്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

സംഘപരിവാര്‍ നേതൃത്വത്തില്‍ കരൗളിയില്‍ നടന്ന വര്‍ഗീയ ലഹളയ്ക്ക് പിന്നാലെ വ്യാപകമായി മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെ 40ഓളം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതായി മുസ്‌ലിം മിററാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പൊലീസ് അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here