ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു; സംഘര്‍ഷം

0
236

കൊളംബോ: ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ ഭരണകക്ഷി എം പി അമരകീർത്തി അത്തുകോറള വെടിയേറ്റ് മരിച്ചു. തന്റെ കാർ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം അമരകീർത്തി ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹത്തെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ സംഘർഷത്തിൽ ഇതുവരെ 139 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഒന്നരമാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ സർക്കാർ അനുകൂലികൾ ആക്രമിച്ചതോടെയാണ് ജനരോഷം ആളിക്കത്തിയത്. രാവിലെ ഔദ്യോഗിക വസതിയിൽ അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെ കൊളംബോയിൽ വൻ അക്രമങ്ങൾ അരങ്ങേറിയിരുന്നു.

പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ അനുയായികൾ അക്രമാസക്തമായതോടെയാണ് പ്രതിഷേധം കടുത്തത്. മന്ത്രിമന്ദിരങ്ങളും മേയറുടെ വീടും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here