വഖഫ് ബോർഡിൽ ഇതരമതസ്ഥൻ്റെ നിയമനം: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ, പരിശോധിച്ച് പ്രതികരിക്കാമെന്ന് മന്ത്രി

0
217

തിരുവനന്തപുരം: വഖഫ് ബോർഡ് മുസ്ലീം ഇതര വിഭാഗത്തിൽ നിന്നുള്ള താൽക്കാലിക നിയമനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.  ഇക്കാര്യം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും നേരത്തെയും സമാനമായ തരത്തിൽ താൽക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ്‌ സിഇഒ യുടെ സ്റ്റാഫിന്റെ താൽക്കാലിക നിയമനമാണ് വിവാദമായത്.

നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ച് വഖഫ് ബോർഡിൽ ഇതര മതസ്ഥരെ നിയമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ  മുസ്ലിം സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു. വഖഫ് ബോഡിന്റെ പുതിയ സിഇഒ വി.എസ്. സക്കീർ ഹുസൈന്‍റെ പേഴ്സണൽ സ്റ്റാഫിലേക്കാണ് സമുദായ സംഘടനകളെ ചൊടിപ്പിച്ച നിയമനം നടന്നത്.

തീരുമാനം അവകാശ ലംഘനമാണെന്നാണ് സമസ്തയുടെ പ്രതികരണം. എന്നാൽ സ്വീപ്പർ, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റ് സമുദായ അംഗങ്ങളെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോർഡ്  സിഇഒയുടെ വിശദീകരണം. എപ്രിൽ 25-ന് ചേർന്ന ബോർഡ് യോഗത്തിലാണ് തൃശ്ശൂർ ആലപ്പാട്ട് സ്വദേശി എ.പി.സാൽമോനെ സിഇഒയുടെപേഴ്സണൽ സ്റ്റാഫിലേക്ക്  നിയമിക്കാൻ നടപടിക്ക് നിർദേശമുണ്ടായത്. ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി സാൽമോൻ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.

വഖഫ് ബോർഡ് മെമ്പർമാരുടെ എതിർപ്പ്  മറികടന്നായിരുന്നു ചെയർമാൻ ടി.കെ.ഹംസയുടെ തീരുമാനം. മുൻ സിഇഒയുടെ അറ്റൻഡറായിരുന്ന  സമുദായാംഗത്തെ പിരിച്ചു വിട്ടുകൊണ്ടുള്ള പുതിയ നിയമനം അവകാശ നിഷേധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് 2016 ജനുവരിയിലാണ് മുസ്ലിം സമുദായ അംഗത്തെ മാത്രമേ നിയമിക്കാവൂ എന്ന് വഖഫ് ബോർഡ് റെഗുലേഷനിൽ നിർദേശിച്ചത്. എന്നാൽ എൽഎഡിഎഫ് സർക്കാർ 2020 എപ്രിലിൽ നിയമനം പിഎസ്‍സിക്ക് വിട്ട് കൊണ്ടിറിക്കിയ  വിജ്ഞാപനത്തിൽ  ഈ വ്യവസ്ഥ നീക്കുകയായിരുന്നു.  ഇടത് സർക്കാറിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ തുടർച്ചയാണ് പുതിയ നിയമനം എന്നാണ് എതിർക്കുന്നവരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ വന്പൻ പ്രതിഷേധങ്ങളിൽ നിന്ന് മാറി നിന്ന സമസ്ത ഇനി പരസ്യമായി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം.   ബോർഡിന്‍റെ 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സമുദായത്തിന് പുറത്ത് നിന്നുള്ളവരെ നിയമിച്ചതെന്നും  മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here