രാജിവച്ച പ്രധാനമന്ത്രി രജപക്‌സെയുടെ വീടിന് തീയിട്ടു; കലാപം വ്യാപിക്കുന്നു, ശ്രീലങ്കയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

0
88

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. കുരുനഗലയിലെ വീടിനാണ് ജനം തീയിട്ടത്. പ്രതിഷേധക്കാരൈ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

രാജിവച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. രജപക്‌സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എംപി അമരകീര്‍ത്തി അത്തുകോറള സ്വയം വെടിവെച്ചു മരിച്ചു.  പ്രതിഷേധക്കാരുടെ എതിര്‍പ്പിനിടെ രക്ഷ തേടി ഒരു കെട്ടിടത്തില്‍ അഭയം തേടിയ ഭരണകക്ഷി എംപിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

നിട്ടുംബുവ പട്ടണത്തില്‍ എംപിയുടെ കാര്‍ തടഞ്ഞ പ്രതിഷേധക്കാരില്‍ രണ്ടു പേര്‍ക്കെതിരെ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്തുനിന്നു എംപി കടന്നുകളഞ്ഞിരുന്നു. എംപിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തി.ആയിരങ്ങള്‍ കെട്ടിടം വളഞ്ഞതോടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് എംപി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എംപിയുടെ വെടിയേറ്റ പ്രക്ഷോഭകരില്‍ ഒരാള്‍ ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വയരക്ഷയ്ക്കായി എംപി കാറില്‍ പായുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സംഘര്‍ഷങ്ങളില്‍ 138പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനകീയ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും ഏറ്റുമുട്ടിയതോടെ കൊളംബോയിലെ തെരുവുകള്‍ സംഘര്‍ഷഭരിതമായി.കൊളംബോയില്‍ മന്ത്രിമന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാര്‍ കത്തിച്ചു. ബസുകള്‍ക്കു നേരെ വ്യാപക അക്രമമുണ്ടായി. പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ക്കു നേരെ സര്‍ക്കാര്‍ അനുകൂലികള്‍ തിങ്കളാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. അവരുടെ ടെന്റുകള്‍ പൊളിക്കുകയും പ്ലക്കാര്‍ഡുകള്‍ വലിച്ചികീറുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതിനിടെയാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here