മകന്റെ ഘാതകന് നിരുപാധികം മാപ്പ്; നജ്‌റാനിൽ വൈകാരിക രംഗങ്ങൾ

0
142

നജ്‌റാൻ- സൗദിയിലെ നജ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള താർ പ്രവിശ്യയിൽ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകിയ വാർത്ത വൈകാരിക രംഗങ്ങൾക്ക് സാക്ഷിയാക്കി. നാട്ടുകാരെയും കുടുംബങ്ങളെയും ഘാതകന്റെ മാതാവിനെയും സാക്ഷിയാക്കി ഘാതകനു നിരുപാധികം മാപ്പ് നൽകിയതായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പ്രഖ്യാപിക്കുകയായിരുന്നു.

അനുകമ്പയുടേയും കരുണയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അസാധാരണമായ വാർത്ത കേട്ട് നാട്ടുകാരും കുടുംബങ്ങളും ഓടിക്കൂടി. നജ്‌റാനിലെ അൽ ശതീൻ അൽ മുഅ്ജബത്തുൽ യാം എന്ന ഗോത്രം തങ്ങളുടെ കുടുംബത്തിലെ അംഗമായ മഹ്ദിയെ കൊന്ന ഘാതകനാണ് നിരുപാധികം മാപ്പ് നൽകിയത്.

ബ്ലഡ് മണിയായി ലഭിക്കേണ്ട 105 മില്യൻ റിയാലാണ് ഈ കുടുംബം ഒരു ഉപാധിയുമില്ലാതെ ഉപേക്ഷിച്ചിരിക്കുന്നത്. 18 വർഷം നീണ്ടുനിന്ന കേസിലാണിപ്പോൾ ഈ കുടുംബം സമൂഹത്തിന് അനുകരണീയമായ മാതൃക സൃഷ്ടിച്ച് മാപ്പു നൽകിയിരിക്കുന്നത്. മഹ്ദിയെ കൊന്ന മുഹമ്മദ് ബിനു സലാഹു അബൂ ഖാസിം എന്നയാൾ ഇപ്പോൾ സൗദി ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ കൊല്ലപ്പെട്ട മഹ്ദിയുടെ കുടുംബം ഒപ്പു വെച്ചാൽ ഇയാൾ ജയിൽ മോചിതനാവും.
മാപ്പ് പ്രഖ്യാപന ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരുമായി ആയിരത്തോളം പേരാണ് നജ്‌റാനിലെ ഈ ഗ്രാമത്തിൽ എത്തിച്ചേർന്നത്.

ചടങ്ങിൽ വിവിധ വിഭാഗങ്ങളുടെ നേതാക്കളും പ്രദേശവാസികളും വിവരമറിഞ്ഞെത്തിയ മറ്റു പ്രദേശത്തുള്ളവരും പങ്കെടുത്തു. ഞങ്ങൾ 105 മില്യൻ റിയാൽ ഇതാ വെറുതെ നൽകിയിരിക്കുന്നു. എന്നാൽ, അല്ലാഹുവിന്റെ അരികിലുള്ളത് ഇതിനേക്കാൾ വിലപ്പെട്ടതാണ്.

ഞങ്ങൾ അല്ലാഹുവിന് വേണ്ടി നിരുപാധികം ഈ വലിയ തുക വിട്ടു തരികയാണെന്നും വലിയ ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഗോത്രത്തിലെ പ്രമുഖൻ ഉറക്കെ പറയുകയായിരുന്നു. ഗ്രാമത്തിൽ ഒരുമിച്ചു കൂടിയ വലിയ ആൾക്കൂട്ടം ഇവരുടെ ഈ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചും ഇവർക്കു പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് എത്തി. ഈ കുടുംബത്തിന്റെ മാതൃക അനുകരണീയമാണെന്നും സമൂഹത്തിനു വഴികാട്ടിയാണ് ഈ ഗ്രോത്രമെന്നും അവിടെ ഒരുമിച്ച് കൂടിയവർ പറഞ്ഞു.
അൽ ശതീൻ ഗ്രോതം 105 മില്യൻ റിയാൽ വേണ്ടെന്നു വെച്ച്, തങ്ങളുടെ മകന്റെ ഘാതകനു മാപ്പു നൽകിയ ചടങ്ങിൽ, ഇപ്പോൾ ജയിലിൽ കഴിയുന്ന ഘാതകനായ മുഹമ്മദ് ബിനു സലാഹു അബൂ ഖാസിം എന്നയാളുടെ മാതാവ് സഈദ ബിൻത് ഹമദ് വെള്ളപ്പതാക ഉയർത്തുകയും ഉറക്കെ തക്ബീർ വിളിച്ച് കണ്ണീർ വാർക്കുകയും ചെയ്തു.

മകന്റെ ജീവൻ തിരിച്ചുകിട്ടിയ ഈ മാതാവിന്റെ ദൃശ്യങ്ങളും വീഡിയോയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here