‘ബി.ജെ.പി യുവമോർച്ച പരിപാടിയിൽ പങ്കെടുക്കില്ല’; വാർത്തകൾ തള്ളി രാഹുൽ ദ്രാവിഡ്

0
84

ഷിംല: ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍  പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

‘2022 മെയ് 12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍ പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ദ്രാവിഡ് പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് ബി.ജെ.പി എം.എല്‍.എ വിശാല്‍ നെഹ്രിയ പറഞ്ഞിരുന്നു.

അതേസമയം, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി രാജ്യസഭയിലേക്കെത്തിക്കാനുള്ള നീക്കം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. രാഷ്ട്രപതിയുടെ നോമിനിയായി ഡോണ രാജ്യസഭയിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സൗരവ് ഗാംഗുലി അത്താഴവിരുന്ന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

സൗരവിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഡോണ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.’സൗരവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി നന്നായി പ്രവര്‍ത്തിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും,’ എന്നാണ് ഡോണ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here