ഫെയ്‌സ്ബുക്കില്‍ അടുത്തമാസം മുതല്‍ ഈ സൗകര്യങ്ങൾ ഉണ്ടാവില്ല

0
259

ജൂൺ മാസം മുതല്‍ ചില സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയര്‍ബൈ ഫ്രണ്ട്‌സ്, വെതര്‍ അലേര്‍ട്ട്‌സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുക.

നിര്‍ത്തലാക്കുന്നതിനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഈ ഫീച്ചറുകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഫീച്ചറുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എല്ലാ ഉപഭോക്താക്കളേയും കമ്പനി അറിയിക്കും. ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അവരെ ബന്ധപ്പെടുന്നതിനുമായി ഒരുക്കിയ ഫീച്ചറാണ് ‘നിയര്‍ബൈ ഫ്രണ്ട്‌സ്’.

2022 ഓഗസ്റ്റ് ഒന്ന് വരെ ഫെയ്‌സ്ബുക്ക് ശേഖരിച്ച ലൊക്കേഷന്‍ ഡേറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. ഈ തീയ്യതിക്ക്‌ശേഷം ഡാറ്റയെല്ലാം സ്ഥിരമായി നീക്കം ചെയ്യപ്പെടും.

പുതിയ നീക്കത്തിനുള്ള കാരണം എന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള വിവരശേഖരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെഭാഗമായാണ് തീരുമാനം എന്നാണ് പറയപ്പെടുന്നത്. ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതിനാലാവണം ഈ നീക്കം.

സൗഹൃദക്കൂട്ടായ്മകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന സമയത്താണ് അടുത്തുള്ള സുഹൃത്തുക്കളെ എളുപ്പം കണ്ടെത്തുന്നതിനായി നിയര്‍ബൈ ഫ്രണ്ട്‌സ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് പല ഫീച്ചറുകളും ഉപയോഗശൂന്യമാക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here