പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ ജയ്‌സല്‍ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

0
360

താനൂര്‍: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെപുരക്കല്‍ ജയ്‌സലാണ് അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ജയ്‌സല്‍.

പ്രളയകാലത്ത് ചുമല്‍ ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ജയ്‌സലിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരുന്നത്.

2021 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീരം ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ജയ്സലും മറ്റൊരാളും ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുക്കുകയും ഒരുലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ അവ സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

തുടര്‍ന്ന് യുവാവിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍നിന്ന് ഗൂഗിള്‍പേ വഴി 5000 രൂപ നല്‍കിയശേഷമാണ് അവരെ പോകാന്‍ അനുവദിച്ചത്. താന്‍ ഒളിവിലല്ലെന്നും വ്യാജ പരാതിയാണെന്നും ജയ്സല്‍ അന്ന് പറഞ്ഞിരുന്നു. താനൂര്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളി.

തുടര്‍ന്ന് ജയ്സല്‍ തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ്, എസ്.ഐ.മാരായ ശ്രീജിത്ത്, രാജു, എ.എസ്.ഐ. റഹീം യൂസഫ്, സി.പി.ഒ.മാരായ കൃഷ്ണപ്രസാദ്, തിരൂര്‍ പൊലീസ്സ്‌റ്റേഷനിലെ സി.പി.ഒ.മാരായ ഷെറിന്‍ ജോണ്‍, അജിത്ത്, ധനീഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here