‘പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ല’; കെ വി തോമസിനെ പരിഹസിച്ച് സതീശന്‍

0
83

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. കൂടുതൽ ചോദ്യങ്ങളോട് ‘നോ കമന്‍റ് ‘ എന്നും പറഞ്ഞു. എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു.

തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസ് പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ല. തന്‍റെ നിലപാട് ഇന്ന് പറയുമെന്നും കെ വി തോമസ് പറഞ്ഞിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് തോമസ് അറിയിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിനു വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന . നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ഇടത് കൺവെൻഷനിലും തോമസ് പങ്കെടുത്തേക്കും. എന്നാൽ തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. തോമസിന്‍റെ നീക്കങ്ങളെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here