പ്രണയ നൈരാശ്യത്തിൽ യുവതിയുടെ കാറിന് തീയിട്ടു, മൂന്ന് നില കെട്ടിടത്തിലേക്ക് തീപടർന്ന് വെന്ത് മരിച്ചത് ഏഴ് പേർ

0
299

ഇൻഡോർ: മൂന്ന് നില കെട്ടിടത്തിന് തീപിടിത്തമുണ്ടായി ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമെന്ന് പൊലീസ്. ഇൻഡോർ നഗരത്തിലെ വിജയ് നഗർ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തി. തീ പടർന്നത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കേസെടുത്തു. തന്റെ പ്രണയം നിരസിച്ച സ്ത്രീയുടെ കാർ ദീക്ഷിത് കത്തിച്ചതാണ് കെട്ടിടത്തിലേക്ക് തീപടരാനും ഏഴ് പേരുടെ മരണത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് വാഹനത്തിന് ദീക്ഷിത് തീയിട്ടു. ഈ തീ പടർന്ന് കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ ദീക്ഷിതിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. താഴത്തെ നിലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇലക്ട്രിക് മീറ്ററിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തം പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെ അഗ്നിക്കിരയാക്കിയ ശേഷം മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്താൻ വൈകിയെന്ന ആരോപണം ദൃക്‌സാക്ഷികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ചില താമസക്കാർ അവരുടെ ഫ്ലാറ്റുകളുടെയോ ടെറസിന്റെയോ ബാൽക്കണിയിൽ നിന്ന് ചാടി സ്വയം രക്ഷപ്പെട്ട. ഇതിനിടയിൽ ചിലർക്ക് പരിക്കേറ്റു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിടുകയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇടുങ്ങിയ വഴികളുള്ള വിജയ് നഗറിലെ തിരക്കേറിയ സ്വർണ്ണ ബാഗ് കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പുലർച്ചെ 3 നും 4 നും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

തീപിടിത്തത്തിൽ മരിച്ച ഏഴുപേരിൽ ദമ്പതികളായ ഈശ്വർ സിംഗ് സിസോദിയയും ഭാര്യ നീതു സിസോദിയയും ഉൾപ്പെടുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സമ്പത്ത് ഉപാധ്യായ പറഞ്ഞു സമീപത്ത് പുതിയ വീട് പണിയുന്നതിനാൽ ഈ കെട്ടിടത്തിലെ വാടക ഫ്‌ളാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മരിച്ചവരിൽ ഒരു സ്ത്രീ കൂടി ഉൾപ്പെടുന്നു. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായി ഡിസിപി ഉപാധ്യായ വ്യക്തമാക്കി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലായി നിരവധി ഫ്‌ളാറ്റുകളുണ്ടെന്നും അവയിൽ താമസക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബക്കറ്റ് വെള്ളമുപയോഗിച്ച് തീ അണയ്ക്കാൻ ആദ്യ ഘട്ടത്തിൽ നാട്ടുകാർ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇടുങ്ങിയ ഇടവഴിയായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിലെത്താൻ ഏറെ പ്രയാസം നേരിട്ടു. ഇരകളിൽ ഭൂരിഭാഗവും ശ്വാസം മുട്ടിയാണ് മരിച്ചതെന്നതാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ അഗ്നി സുരക്ഷാ സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, കെട്ടിട ഉടമയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 304 (കുറ്റകരമായ നരഹത്യ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here