ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരന്റെ കൈയിൽ വിലങ്ങ് വച്ച് വനിതാ എസ്ഐ

0
120

ദിസ്പുർ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തന്റെ പ്രതിശ്രുത വരനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ റാണാ പോഗാഗിനെയാണ് എസ്ഐ ജുന്‍മണി റാബ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

അസമിലെ ഒഎന്‍ജിസിയില്‍ ജീവനക്കാരനാണെന്നാണ് റാണ സ്വയം പരിചയപ്പെടുത്തിയത്. ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് റാണാ പണം തട്ടിയിരുന്നു. റാണ തന്റെ രക്ഷിതാക്കളെ ഉള്‍പ്പെടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ജുന്‍മണിക്ക് നേരിട്ട് പരിചയപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു.

ഒഎന്‍ജിസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡ്, രണ്ട് ലാപ്‌ടോപ്പുകള്‍, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

റാണയെ പോലെ ഒരു തട്ടിപ്പുകാരനെക്കുറിച്ച് വിവരം നല്‍കിയ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് ജുന്‍മണി പ്രതികരിച്ചു. റാണയുമായി ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ജോലിയില്‍ മാറ്റം ലഭിച്ചുവെന്നും സില്‍ചാറിലേക്ക് പോകുകയാണെന്നും തന്നോട് പറഞ്ഞിരുന്നു. എന്നാൽ അവിടേക്ക് പോകാതിരുന്നതോടെ തനിക്ക് റാണയില്‍ സംശയങ്ങളുണ്ടായതെന്നും എസ്ഐ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here