ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് കേരളത്തിലും; ക്ലിഫ് ഹൗസില്‍ സൗകര്യം ഒരുക്കും

0
90

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ പ്രശംസയ്ക്ക് പിന്നാലെ വിവാദം ക്ഷണിച്ചുവരുത്തിയ ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് മോഡല്‍ സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനങ്ങളുടെ നല്ല വശങ്ങള്‍ കണ്ടെത്തി ഇത് കേരളത്തിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഇതുവരെ വിശദമായ റിപ്പോര്‍ട്ട് ഒന്നും നല്‍കിയിട്ടിലെങ്കിലും വിഷയത്തില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി വിപി ജോയിയും തമ്മില്‍ ആശയ വിനിമയം നടത്തിയെന്നാണ് വിവരം.

ഈ ഗവേര്‍ണന്‍സ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് സിഎം ഡാഷ് ബോര്‍ഡ് എന്ന സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ഒരു സംവിധാനം ഒരുക്കുകയാണെങ്കില്‍ അത് ആദ്യഘട്ടത്തില്‍ ക്ലിഫ് ഹൗസില്‍ തന്നെ ഒരുക്കും. ഇതിനായി ക്ലിഫ് ഹൗസ് വളപ്പില്‍ ഇതിനായി പ്രത്യേക കെട്ടിടം സ്ഥാപിക്കും. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. കെഎം എബ്രഹാമിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫയല്‍ നീക്കങ്ങളുടെ പുരോഗതി വ്യക്തമായി മനസിലാക്കാവുന്ന സംവിധാനമാണ് ഡാഷ് ബോര്‍ഡ് എന്നതിലുടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ 44 വകുപ്പുകളിലെയും വിവരങ്ങള്‍ തല്‍സമയം ഇതിലൂടെ വ്യക്തമായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ 278 സേവനങ്ങള്‍ക്ക് ഡാഷ്‌ബോഡ് ഉണ്ട്. ഇതില്‍ 75 ഡാഷ് ബോര്‍ഡുകള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഡാഷ്‌ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറി വിപി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോയ സംഭവം നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചീഫ് സെക്രട്ടറി ഡോ. വിപി ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഉള്‍പ്പെട്ട സംഘമാണ് ഗുജറാത്തിലേക്ക് പോയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഡാഷ് ബോര്‍ഡ് സിസ്റ്റം രാജ്യത്ത് തമിഴ്‌നാട്ടില്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന സാഹചര്യം നിലനില്‍ക്കെ ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേരളസംഘം പോയതിന് പിന്നില്‍ പിണറായി വിജയന്‍ നരേന്ദ്ര മോദി ധാരണയുടെ അടിസ്ഥാനത്തില്‍ ആണെന്നായിരുന്നു പ്രധാന ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here