കൊവിഡിൽ മരിച്ചത് ഒന്നരക്കോടി മനുഷ്യർ; ഇന്ത്യയിലെ കണക്കിലും തിരുത്ത്? ഒമ്പത് ഇരട്ടി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

0
280

തിരുവനന്തപുരം: ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മ‌ർദ്ദത്തിലാക്കി ‘യഥാ‌ർത്ഥ’ കൊവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോ​ഗ്യ സംഘടന. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒ.യുടെ അവകാശവാദം. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാ‌ർത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോ​ഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്. ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം മരിച്ചത്. സർക്കാ‌ർ കണക്കിനെക്കാൾ 9 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഡേറ്റകൾ പ്രകാരം ഈജിപ്തിൽ ആണ് മരണസംഖ്യയിലെ വ്യതിയാനം ഏറ്റവും കൂടുതൽ. രേഖപ്പെടുത്തിയതിൻ്റെ 11 ഇരട്ടി മരണമാണ് ലോകാരോ​ഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോ​ഗ്യ സംഘടനയ്ക്കായി ഈ കണക്ക് തയ്യാറാക്കിയത്. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള മരണങ്ങളെയാണ് കണക്കുകൂട്ടലിനായി ആശ്രയിച്ചത്. ഗുരുതരമായ യാഥാർത്ഥ്യമാണ് കണക്കുകളിൽ പ്രകടമാകുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്റോസ് അദാനോം വ്യക്തമാക്കി. ഈ മരണങ്ങളെല്ലാം തന്നെ അം​ഗീകരിക്കപ്പെടണമെന്നും മറ്റൊരു പ്രതിസന്ധി ഉണ്ടാകുമ്പോൾ നന്നായി തയ്യാറെടുക്കാൻ  ഇത് സഹായിക്കുമെന്നും ടെഡ്റോസ് അദാനോം വ്യക്തമാക്കി.

ഇന്ത്യ പറയുന്നത്…

ഇന്ത്യയിലെ എല്ലാ മരണങ്ങളുംരേഖപ്പെടുത്തപ്പെട്ടില്ല എന്ന വാദം കേന്ദ്ര സർക്കാർ നേരത്തേ തന്നെ തള്ളിയിരുന്നു. കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുൻപുള്ള കാലത്തെ മരണനിരക്കുമായി താരതമ്യം ചെയ്ത് മരണനിരക്ക് കണക്കാക്കുന്ന WHO രീതിയുടെ ശാസ്ത്രീയതയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു. കൃത്യവും ശാസ്ത്രീയവുമായ കണക്കെടുപ്പ് രീതിയാണ് ഇന്ത്യ അവലംബിച്ചതെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here