ഓർഡിനൻസിലൂടെ മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക

0
311

ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്.

കർണാടക പ്രൊടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബിൽ 2021 ഡിസംബറിൽ നിയമസഭയിൽ പാസാക്കിയിരുന്നു. എന്നാൽ, സഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ഓർഡിനൻസിലൂടെ ബിൽ പാസാക്കുകയായിരുന്നു ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസിന് അംഗീകാരം നൽകി.

നിയമസഭയും കൗൺസിലും നീട്ടിവച്ചതിനാലാണ് ഓർഡിനൻസിലൂടെ നിയമം പാസാക്കാനുള്ള നിർദേശം മന്ത്രിസഭയ്ക്കു മുൻപാകെ വച്ചതെന്ന് ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. ഓർഡിനൻസിലൂടെ ബിൽ പാസാക്കാൻ സർക്കാർ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. യുവാക്കൾക്ക് ജോലി നൽകുന്ന വിഷയത്തിലോ വികസന പദ്ധതികൾ നടപ്പാക്കാനോ ഒക്കെയാണ് ഓർഡിനൻസ് അവതരിപ്പിക്കേണ്ടതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ വിമർശിച്ചു. എന്തിനാണ് സർക്കാർ ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനം നടത്തിയാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് നിയമത്തിൽ പറയുന്ന ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here