ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ഒറ്റപ്രസവത്തില്‍ ജനിച്ച 9 കണ്‍മണികള്‍; മനോഹര നിമിഷമെന്ന് മാതാപിതാക്കള്‍

0
367

ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളൊക്കെ സാധാരണയായി ജനിയ്ക്കാറുണ്ടെങ്കിലും അപ്പോഴും കൗതുകം തന്നെയാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ജനിച്ച ഒന്‍പതുകുട്ടികളും ആദ്യ പിറന്നാള്‍ ആഘോഷിച്ചതാണ് സോഷ്യല്‍ ലോകത്ത് കൗതുകം പകരുന്നത്.

26 കാരിയായ ഹലീമ സിസ്സെ കഴിഞ്ഞ വര്‍ഷം 2021 മെയ് 4 നാണ് ഒന്‍പത് കുട്ടികള്‍ക്ക്
ജന്മം നല്‍കിയത്. ഇപ്പോഴിതാ, അവരുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ഹലീമയും ഭര്‍ത്താവ് അബ്ദുല്‍കാദര്‍ അര്‍ബിയും. അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികള്‍ക്കുമാണ് ഹലീമ ജന്മം നല്‍കിയത്.

ഒറ്റപ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇവര്‍ നേടി. കുഞ്ഞുങ്ങളെല്ലാം ഇപ്പോള്‍ ഇഴയാന്‍ തുടങ്ങിയെന്ന് അച്ഛന്‍ അബ്ദുല്‍കാദര്‍ അര്‍ബി പറഞ്ഞു. 30ാമത്തെ ആഴ്ചയിലാണ് ഒന്‍പത് പേര്‍ക്കും സിസേറിയനിലൂടെ ജന്മം നല്‍കിയതെന്നും ഹലീമ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.

മെയ് 4-ന് ഹലീമയെ മാലി സര്‍ക്കാര്‍ മൊറോക്കോയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും സിസേറിയനിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഹലീമ ജന്മം നല്‍കുകയും ചെയ്തുവെന്നും അര്‍ബി പറഞ്ഞു.

പ്രസവ ദിവസങ്ങളില്‍ എപ്പോഴും പേടിയായിരുന്നു. ചില സമയങ്ങളില്‍ കഠിനമായ ക്ഷീണവും അനുഭവപ്പെട്ടുവെന്നും ഹലീമ ബിബിസിയോട് പറഞ്ഞു. കുഞ്ഞുങ്ങള്‍ ജനിച്ച കാസാബ്ലാങ്കയിലെ ഐന്‍ ബോര്‍ജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്‌ലാറ്റ് എന്നിടത്താണ് ഹലീമയും കുട്ടികളും ഇപ്പോല്‍ താമസിക്കുന്നത്. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ നഴ്‌സുമാര്‍ ഒപ്പമുണ്ടെന്നും അര്‍ബി പറഞ്ഞു.

കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ ഭക്ഷണക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ അവിടെയുള്ള കുറച്ച് നഴ്‌സുമാരും അയല്‍ക്കാരും പങ്കെടുത്തുവെന്നും അര്‍ബി പറഞ്ഞു. ഇതുവരെ കുട്ടികളില്ലാത്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് മനോഹരമായൊരു നിമിഷമാണ്, ഒരു യഥാര്‍ത്ഥ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here