122 വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനില; കണക്ക് പുറത്തുവിട്ട് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

0
101

ന്യൂഡൽഹി: വടക്കുപടിഞ്ഞാറ് -മധ്യ ഇന്ത്യയിൽ ഏപ്രിലിലുണ്ടായത് 122 വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരമാണ്‌ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻറ് (ഐ.എം.ഡി) 1901 മുതൽ കാലാവസ്ഥാ വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.

ഏപ്രിലിൽ വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ ശരാശരി പരമാവധി താപനില 35.6 ഡിഗ്രീ സെൽഷ്യസായിരുന്നു. ഏറെ കാലമായുള്ള ശരാശരിയേക്കാൾ 3.35 ഡിഗ്രി കൂടുതലാണ് ഈ മാസമുള്ള ശരാശരി. 2010 ഏപ്രിലിൽ രേഖപ്പെടുത്തിയ 35.4 ഡിഗ്രി സെൽഷ്യസെന്ന റെക്കോർഡ് താപനില ഈ വർഷം മറികടന്നിരിക്കുകയാണ്.

മധ്യ ഇന്ത്യയിൽ 37.78 ഡിഗ്രി സെൽഷ്യാണ് ഏപ്രിലിൽ താപനിലയുള്ളത്. 1973 ലുണ്ടായ 37.75 ഡിഗ്രി ശരാശരിയേക്കാൾ കൂടുതലാണിത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ താപനിലയും സാധാരണയിലും താഴെയാണ്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 19.44 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ശരാശരി താപനില. ദീർഘകാലമായുണ്ടായിരുന്ന ശരാശരിയേക്കാൾ 1.75 കൂടുതലാണിത്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില മേയിലും ഇതേപടി തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഡൽഹിയിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് മെയ് 14 മുതൽ വേനലവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഉയർന്ന താപനില ശരാശരിക്കും മുകളിലാണ്. ഈ മാസം ഇത് വരെ മൂന്നു ഉഷ്ണ തരംഗങ്ങളാണ് ഡൽഹിയിൽ രൂപം കൊണ്ടത്. അതീവ ഗുരുതര വിഭാഗത്തിൽ പെടുന്ന ഉഷ്ണ താരംഗങ്ങളാണ് ഇവ മൂന്നും. ശരാശരി ഉയർന്ന താപനിലയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമ്പോഴാണ് അതീവ ഗുരുതര ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇന്നും നാളെയും ഡൽഹിയിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനു ശേഷം ചൂടിന് നേരിയ കുറവ് ഉണ്ടാകുമെന്നും ഐ.എം.ഡി പ്രവചിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വാരണാസിയിൽ രേഖപ്പെടുത്തിയ 46.7 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വരെ രേഖപ്പെടുത്തിയ ഈ സീസണിലെ ഉയർന്ന ചൂട്. ഡൽഹിയിൽ സഫ്ദർജംഗ് ഉൾപ്പടെയുള്ള ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഉയർന്ന താപനില 46° സെൽഷ്യസിനും മുകളിൽ ആണ്. രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ 48 മണിക്കൂറിന് ശേഷം നേരിയ മഴയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here