‘ഹിജാബ്, ബീഫ്, ബാങ്ക്’ അതിരൂക്ഷ വര്‍ഗീയത തിരിച്ചടിക്കുന്നു; തമിഴ്‌നാട്ടിലേക്ക് ചേക്കേറാനൊരുങ്ങി കര്‍ണാടകയിലെ ഐ.ടി കമ്പനികള്‍

0
380

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള അതിരൂക്ഷ വര്‍ഗ്ഗീയ പ്രവൃത്തികള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാവുന്നു. ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും വ്യാപകമായി ഐടി കമ്പനികള്‍ തമിഴനാട്ടിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ നിരവധി ഐടി കമ്പനികളെത്തുന്നുവെന്നും അതിനാല്‍ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി സിംഗപ്പൂര്‍, യുഎസ്എ, യു.കെ എന്നിവിടങ്ങളില്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഡിഎംകെ ഓഫിസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

കര്‍ണാടകയിലെ ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികള്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായാണ് ദി പ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് മാറാനുള്ള കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിജാബ്, ഹലാല്‍ മാംസം, ഉത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കല്‍, ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം എന്നിവയുമായി ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ രംഗത്തെത്തിയിരിക്കെയാണ് ഐടി കമ്പനികള്‍ മറ്റിടങ്ങളിലേക്ക് നീങ്ങുന്ന വാര്‍ത്ത വരുന്നത്. കര്‍ണാടകയില്‍ അരങ്ങേറുന്ന മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ ഷാ ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ക്ഷേത്ര ഉത്സവങ്ങളില്‍നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു അവരുടെ പ്രതികരണം. ടെക്, ബയോടെക് മേഖലകളില്‍ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വര്‍ഗീയതയിലൂടെ ഇല്ലാതായേക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. ആദ്യമായിട്ടായിരുന്നു കോര്‍പറേറ്റ് തലത്തില്‍ നിന്നൊരാള്‍ വിഷയത്തില്‍ ഇടപെട്ടത്.

എന്നാല്‍ കിരണ്‍ മസുംദാര്‍ ഷായെ പോലെയൊരാള്‍ ഐടിബിടി സെക്ടറില്‍ തങ്ങളുടെ രാഷ്ട്രീയ നിറമുള്ള അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു ബിജെപി ദേശീയ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ മറുപടി.

ഇന്ത്യയുടെ ഐടി ഹബ്ബായ കര്‍ണാടക ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ടെക്‌നോളജി ക്ലസ്റ്ററാണ്. ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, ബയോടെക്‌നോളജി, അഗ്രോ ഇന്‍ഡസ്ട്രീസ്, ഹെവി എന്‍ജിനിയറിങ് എന്നിവയടക്കം നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്തുള്ളത്. ഐടി, ബയോടെക്‌നോളജി, ഭക്ഷ്യ സംസ്‌കരണം, എയറോസ്‌പൈസ്, എന്‍ജിനിയറിങ് എന്നിവക്കായി പ്രത്യേക ഇകണോമിക് സോണുകളുമുണ്ട് സംസ്ഥാനത്ത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍, സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്‌പോലുള്ള സഹിഷ്ണുതയുള്ള സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുമെന്നും നിരീക്ഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here