വിവാഹസൽക്കാര വേദിയിൽ നിസ്കരിച്ച് അതിഥികൾ: സ്ഥലം മാറി കൊടുത്ത് അമൃതയും ഗൗതമും

0
332

തൃശൂര്‍: പുണ്യ റമദാൻ മാസത്തിൽ മതസൗഹാർദ്ദത്തിന് മാതൃകയായി നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണനും കുടുംബവും. ഗോപാലകൃഷ്ണന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ അമൃതയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നിസ്കാരത്തിനാവശ്യമായ സൗകര്യം ഒരുക്കി നൽകിയത് അമൃതയുടെ കുടുംബം ആണ്.

ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകന്‍ ഗൗതം ആയിരുന്നു അമൃതയെ വിവാഹം കഴിച്ചത്. വൈകുന്നേരം അമൃതയുടെ വീട്ടില്‍ വെച്ച് നടത്തിയ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനായി, ക്ഷണം ലഭിച്ച അതിഥികള്‍ ഒരോരുത്തരായി എത്തി. റമദാന്‍ കാലമായതിനാല്‍ നോമ്പെടുക്കുന്ന നിരവധി പേരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് വ്രതമെടുത്ത സഹോദരങ്ങള്‍ക്കായി പന്തലിൽ പെട്ടെന്നുതന്നെ നോമ്പുതുറയൊരുക്കിയത്.

നോമ്പുതുറയ്ക്ക് സൗകര്യമൊരുക്കിയത് വധുവിന്റെ ബന്ധുക്കൾ തന്നെയാണ്. വേദിയിൽ വധൂവരന്മാർ ഇരിക്കുന്ന സ്ഥലമായിരുന്നു ഇതിനായി ഒരുക്കിയത്. ഇവിടെ നിൽക്കുകയായിരുന്ന, അമൃതയും ഗൗതവും കുറച്ച് സൈഡിലേക്ക് മാറി നിന്ന് നോമ്പുതുറയോട് സഹകരിച്ചു. താഴെ പന്തലിലും കുറെപ്പേർ നിസ്‌കരിച്ചു. ഇതെല്ലാം നടക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ കൂപ്പുകൈകളുമായി ഗൗതമും അമൃതയും വേദിക്കരികിൽ നിന്നത് പലരുടെ കണ്ണിനും കുളിർമയേകിയ കാഴ്ചയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here