മൂന്ന് വർഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകൾ: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വൻവർധന

0
149

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധന. മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകളാണ് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തിനിടെ അയ്യാരിത്തോളം കേസുകളും രജിസ്റ്റര്‍ ചെയ്തു.

മാരകങ്ങളായ മയക്കുമരുന്നുകള്‍ ചെറുതും വലുതുമായി പിടികൂടിയെന്ന വാര്‍ത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളം. സംസ്ഥാനത്തേക്ക് എത്തുന്ന ലഹരിമരുന്ന് പൂര്‍ണമായും പിടികൂടാനും എക്സൈസ് സംഘത്തിനാകുന്നില്ല.

2020ല്‍ 8635, 2021ല്‍ 9602, 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 4892. കേരളത്തിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. 27 മാസത്തിനിടെ 23,129 കേസുകള്‍. അതായത് ഒരുമാസം ശരാശരി 850ല്‍ അധികം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത്.

എക്സൈസിന്‍റെ കണക്ക് പരിശോധിച്ചാല്‍ കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് മയക്കുമരുന്ന് വിപണനം കൂടുതല്‍. ഇതില്‍ എറണാകുളത്തെ കണക്ക് ഞെട്ടിക്കുന്നതാണ്. 2020ല്‍ എക്സൈസ് 429 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളത്ത് 2021ല്‍ പിടികൂടിയത് 540 കേസുകള്‍. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 175 കേസുകളും രജിസ്റ്റര്‍ ചെയ്തു. 19,491.84 കിലോ കഞ്ചാവാണ് മൂന്ന് വര്‍ഷത്തിനിടെ എക്സൈസ് പിടികൂടിയത്. വിവിധ മയക്കുമരുന്ന് കേസു‍കളിലായി 8884 പേരും ഈ കാലയളവില്‍ എക്സൈസിന്‍റെ പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here