‘മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം’; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

0
270

മുംബൈ: മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്). പള്ളികളിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിൽ സുപ്രീംകോടതി ഇടപെടണമെന്നും എംഎൻഎസ്  ആവശ്യപ്പെട്ടു. മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ എംഎൻഎസ് നേതാവ് രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. മെയ് മൂന്നിന് മുമ്പ് നടപടിയെടുക്കണമെന്നും രാജ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് അമിത് ഷാക്ക് കത്തെഴുതിയത്.

മെയ് മൂന്നിന് മുമ്പ് മഹാരാഷ്ട്ര സർക്കാർ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എംഎൻഎസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ​ഗീതങ്ങളൾ ആലപിക്കുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ്  ഉച്ചഭാഷിണികളും പള്ളികളിൽ നിന്ന് നീക്കം ചെയ്യണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. താൻ ഒരു പ്രാർത്ഥനയ്ക്കും എതിരല്ലെന്നും എന്നാൽ ആളുകൾ അവരുടെ വീടുകളിൽ അവരുടെ വിശ്വാസം പിന്തുടരണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.

രാജ് താക്കറെ വിഷയം ഉന്നയിച്ചതിന് പിന്നാലെ  പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഹനുമാന്‍ ഗീതങ്ങള്‍ കേള്‍പ്പിച്ച് പ്രവര്‍ത്തകര്‍ രം​ഗത്തെത്തിയിരുന്നു. കല്യാണിലെ സായ് ചൗക്കിലുള്ള പാര്‍ട്ടി ഓഫീസിന്‍റെ മുന്നിലാണ് ഉച്ചഭാഷിണി ഉപയോഗിച്ച് എംഎൻഎസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ഗീതങ്ങള്‍ ഉറക്കെ കേള്‍പ്പിച്ചത്. കൂടാതെ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യവും ഉയര്‍ത്തി.

അതേസമയം, മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെ ആവശ്യത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അശോക് ചവാന്‍ എന്നിങ്ങനെ നിരവധി പേര്‍ രംഗത്തെത്തി. ബിജെപി സ്പോണ്‍സര്‍ ചെയ്ത സ്ക്രിപ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് രാജ് താക്കറെയുടെ പരാമര്‍ശമെന്നാണ് സഞ്ജയ് റാവത്ത് തുറന്നടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here