മദ്യപിച്ച് ഫിറ്റായി എക്സൈസിൽ കീഴടങ്ങി മാതൃകയായി മലപ്പുറത്തെ കഞ്ചാവ് വില്‍പ്പനക്കാരന്‍

0
290

കഴിച്ച മദ്യം ചതിച്ചു. അടിച്ചു ഫിറ്റായിരുന്ന കഞ്ചാവ് കച്ചവടക്കാരൻ വഴിയേ പോയ എക്സൈസിനെ കണ്ട് അങ്ങോട്ട് പോയി കഞ്ചാവ് സഹിതം കീഴടങ്ങി. മലപ്പുറം വണ്ടൂരിലായിരുന്നു സംഭവം. ” ഇത് എൻ്റെ പൊതിയാണ്…”  എക്സൈസ് ജീപ്പിന് അടുത്ത് വന്ന് ആടിയാടി നിന്ന് കുഴഞ്ഞ ശബ്ദത്തിൽ അയാള് പറഞ്ഞു… ” ഇതിൽ കഞ്ചാവ് ഉണ്ട് ” . എത്ര ഗ്രാം കഞ്ചാവുണ്ടെന്ന എക്സൈസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ
” അത് ഇപ്പൊ സാർ തന്നെ നോക്കണം..”

“ഇത് എവിടെ നിന്നാണ് ?’ അടുത്ത ചോദ്യം
” സ്വന്തമായി ഉണ്ടാക്കാൻ ഒന്നും പറ്റില്ലല്ലോ….മഞ്ചേരിയിൽ നിന്നാണ് ” കുഴഞ്ഞ ശബ്ദത്തിൽ ആയിരുന്നു മറുപടി .
ഒരു കഞ്ചാവ് കച്ചവടക്കാരൻ്റെ തുറന്നു പറച്ചിൽ ആണ് ഇക്കണ്ടത്…

മലപ്പുറം പൊൻമള ,പള്ളിപ്പടി സ്വദേശിയായ അരൂർ തൊടിക ഹനീഫ ആണ് എക്സൈസ് സംഘത്തിന് അങ്ങോട്ട് ചെന്ന് കണ്ട് കഞ്ചാവ് കൈമാറി കീഴടങ്ങിയ എല്ലാം വിളിച്ച് പറഞ്ഞത്.   കഞ്ചാവ്  വിൽപ്പനക്കായാണ് ഇയാള്‍ വണ്ടൂർ പൂക്കുളത്തെത്തിയത്. പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ആയിരുന്നു കഞ്ചാവ് കൊണ്ട് വന്നത് .

എന്നാല്‍ വണ്ടൂരിലെത്തിയ ഹനീഫ നന്നായി മദ്യപിച്ചിരുന്നു, അതോടെ ഹനീഫയുടെ സ്വബോധം നഷ്ടപ്പെട്ടു… ഉച്ചയോടെ അതുവഴി പോയ എക്സൈസിനെ കണ്ട ഹനീഫ മദ്യലഹരിയിൽ, അങ്ങോട്ടു പോയി കീഴടങ്ങി. എക്സൈസുകാർക്ക് കൂടുതൽ ചോദിക്കേണ്ടി വന്നില്ല. അതിനു മുൻപേ തന്നെ ഹനീഫ വസ്ത്രത്തിൽ ഒളിപ്പിച്ച 25 പാക്കറ്റ് കഞ്ചാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദിനെ എൽപ്പിച്ചു.

‘എക്സൈസ് ഓഫീസിന് അടുത്തുള്ള പൂക്കുളത്തെ ഒരു ഇതര സംസ്ഥാന ക്യാമ്പിൽ ലഹരി വിൽപന നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചിരുന്നു.അത് അന്വേഷിക്കാൻ സംഘം അങ്ങോട്ട് പോകുക ആയിരുന്നു. അവിടെ എത്തിയ സംഘത്തിൻ്റെ ജീപ്പിന് അരികിലേക്ക് മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഒരാൾ വരിക ആയിരുന്നു.. തൻ്റെ കൈവശം കഞ്ചാവ് ഉണ്ടെന്ന് അയാൾ പറഞ്ഞു.തുടർന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 22 ചെറിയ പാക്കറ്റ് കഞ്ചാവ് ആണ് പിടികൂടി..ഇത് ക്യാമ്പിൽ വിതരണം ചെയ്യാൻ കൊണ്ട് വന്നതാണ് എന്നും മനസ്സിലായി ‘ എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ് പറഞ്ഞു.

എട്ട് ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റിന് 1000 രൂപയാണ് വില. മഞ്ചേരിയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് വിൽപ്പനക്ക് കഞ്ചാവ് വാങ്ങാറുള്ളതെന്നും ഹനീഫ എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. ഹനീഫയുടെ തുറന്നുപറച്ചിലിന്‍റെ  അടിസ്ഥാനത്തിൽ എക്സൈസ് മേഖലയിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവിൻ്റെ തൂക്കം ഒരു കിലോക്ക് താഴെ ആയത് കൊണ്ട് ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here