ഭാര്യയെ കൈവണ്ടിയില്‍ ആശുപത്രിയിലെത്തിക്കുന്ന ഭര്‍ത്താവ്; ഒടുവില്‍ ദാരുണമായ മരണം

0
429

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇവയില്‍ പലതും നമ്മെ പുതിയ ചിന്തകളിലേക്ക് വഴിതെളിയിക്കുന്നതും ആകാറുണ്ട്. അതുപോലെ തന്നെ ആകെ സമൂഹത്തിന് തന്നെ ഓര്‍മ്മപ്പെടുത്തലാകുന്ന ( Social Responsibility ) സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്.

അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് അന്നന്നത്തെ ഭക്ഷണത്തിനും കിടപ്പാടത്തിനുമുള്ള വകുപ്പ് കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നീട് വലിയ വെല്ലുവിളിയാകുന്നത് ചികിത്സാച്ചിലവുകളാണ്.

പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ വ്യക്തികളെ വലിയ ദുരവസ്ഥയില്‍ കൊണ്ടെത്തിക്കാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബലിയ എന്ന സ്ഥലത്ത് അസുഖബാധിതയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ കൈവണ്ടിയില്‍ ഉരുട്ടിക്കൊണ്ട് പോകുന്ന വൃദ്ധന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.

യുപി തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ബലിയ. ഇവിടത്തുകാരനായ സകുല്‍ പ്രജാപതി തന്റെ ഭാര്യ അസുഖബാധിതയായതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അല്‍പം അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഇവരെ മാറ്റണമെന്ന് സകുലിനെ അറിയിച്ചു.

എന്നാല്‍ രോഗിയെ മാറ്റാന്‍ ഗതാഗതസൗകര്യം അടക്കം ഒന്നും ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സകുല്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ കൈവണ്ടിയില്‍ പതിനഞ്ച് കിലോമീറ്ററോളം ഭാര്യയെ കിടത്തി ഉന്തിക്കൊണ്ട് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനോടകം തന്നെ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ അവശനിലയിലായി. ചികിത്സ എടുക്കും മുമ്പ് തന്നെ ഇവരുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

സകുല്‍ ഭാര്യയെ കിടത്തി കൈവണ്ടി ഉന്തി റോഡിലൂടെ പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. എന്തായാലും ചിത്രം വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആശുപത്രികളില്‍ വേണ്ടുംവിധം സംവിധാനങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ സകുല്‍ ഇത്രമാത്രം പരിശ്രമിച്ചിട്ടും ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നത് ഒരു നോവായി തന്നെ അവശേഷിപ്പിക്കുകയാണ്. ഒപ്പം ഒരുപാട് ചോദ്യങ്ങളും സകുലിന്റെ ചിത്രം നമ്മോട് ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here