ദില്ലി ജഹാംഗിർപുരി അക്രമം: പ്രധാന പ്രതി അൻസാർ ഏത് പാർട്ടിക്കാരൻ?; തർക്കവുമായി ബിജെപിയും എഎപിയും

0
160

ദില്ലി: ദില്ലി ജഹാംഗിർപുരി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി അൻസാറിന്റെ രാഷ്ട്രീയ ബന്ധം ആരോപിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയുമായി തർക്കം. ദില്ലി ഭരിക്കുന്ന പാർട്ടിയുമായി അൻസാറിന് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് മനോജ് തിവാരി ആരോപിച്ചു. പിന്നാലെ പ്രത്യാരോപണവുമായി എഎപിയും രം​ഗത്തെത്തി. ‘അൻസാർ ഒരു ബിജെപി നേതാവാണെന്ന് എഎപി നേതാവ് അതിഷി ട്വീറ്റ് ചെയ്തു. അൻസാർ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും എഎപി പുറത്തുവിട്ടു. ജഹാംഗീർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ  ബിജെപി നേതാവാണ്. ബിജെപി സ്ഥാനാർത്ഥി സംഗീത ബജാജിനെ മത്സരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും അവരുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു. കലാപം നടത്തിയത് ബിജെപിയാണെന്ന് വ്യക്തമാണ്. ബിജെപി ദില്ലിക്കാരോട് മാപ്പ് പറയണം.  ബിജെപി ഗുണ്ടകളുടെ പാർട്ടിയാണ്’-  അതിഷി ട്വീറ്റ് ചെയ്തു.

 

 

കഴിഞ്ഞ ദിവസം എഎപിക്കെതിരെ മനോജ് തിവാരി രം​ഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടിയെ കലാപ ഫാക്ടറി എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ജഹാംഗീർപുരി അക്രമത്തിന്റെ സൂത്രധാരൻ അൻസാർ എഎപി പ്രവർത്തകനാണെന്ന് വ്യക്തമായിരിക്കുകയാണ്. 2020ലെ ദില്ലി കലാപത്തിന്റെ സൂത്രധാരനായ താഹിർ ഹുസൈനും ആം ആദ്മി പാർട്ടി കൗൺസിലറായിരുന്നു. ആം ആദ്മി പാർട്ടി ഒരു കലാപ ഫാക്ടറി നടത്തുന്നുണ്ടോ? അനധികൃത കുടിയേറ്റക്കാരോടുള്ള എഎപിയോട് മൃദുസമീപനം വലിയ പ്രശ്നമാണ്. ദില്ലിയിൽ അക്രമം ഉണ്ടാകുമ്പോഴെല്ലാം സൂത്രധാരൻ ആം ആദ്മി പാർട്ടിക്കാരനാണെന്നതിൽ അന്വേഷണം നടത്തണമെന്നും തിവാരി ട്വീറ്റ് ചെയ്തു.

 

 

ശനിയാഴ്ച ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതിയാണ് അൻസാർ എന്ന് പൊലീസ് പറയുന്നു. ആലം എന്നയാളും മുഖ്യപ്രതിയാണ്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻസാറിനെയും ആലമിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരു പ്രധാന പ്രതി സോനു എന്ന ഇമാം ഷെയ്ഖ് ആണെന്നും പൊലീസ് പറയുന്നു. ലഭിച്ച വീഡിയോകളിൽ ഇവർ വെടിവയ്ക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. 42കാരനായ അൻസാറാണോ അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

 

 

സംഘർഷത്തിന് ഒരു ദിവസം മുമ്പ് ഏപ്രിൽ 15 ന് ശോഭ യാത്രയെക്കുറിച്ച് അൻസറിനും ആലമിനും വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. അൻസാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here