ഞങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്: വീഡിയോയുമായി ഒരു ബന്ധവുമില്ല; ഇത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം: മുസ്‌കാന്റെ പിതാവ്

0
257

ബെംഗളൂരു: കര്‍ണാടക ഹിജാബ് വിഷയത്തില്‍ ജയ് ശ്രീറാം വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ചുകൊണ്ട് ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ തലവന് വീഡിയോ സന്ദേശം പുറത്തുവിട്ടതായുള്ള റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിച്ച് മുസ്‌കാന്റെ പിതാവ്.

തങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും വീഡിയോയെക്കുറിച്ച് അറിയില്ലെന്നും വീഡിയോയിലുള്ള ആളുമായി ഒരു ബന്ധവുമില്ലെന്നും മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹസന്‍ ഖാന്‍ പറഞ്ഞു.

വീഡിയോയിലെ പ്രസ്താവന തെറ്റാണെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.

”ഞങ്ങള്‍ക്ക് ആ വീഡിയോയെ പറ്റി ഒന്നുമറിയില്ല. അത് ആരാണെന്നും ഞങ്ങള്‍ക്കറിയില്ല. ഇന്ന് വീഡിയോയിലൂടെ ആദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്.

അയാള്‍ അറബിയില്‍ എന്തോ പറഞ്ഞിട്ടുണ്ട്.

ഞങ്ങളെല്ലാവരും ഇവിടെ സഹോദരങ്ങളെപ്പോലെ സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമാണ് ജീവിക്കുന്നത്.

ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പറയും. ഇത് അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്.

അയാള്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ല.

ഇത് തെറ്റാണ്. ഞങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ഈ നീക്കം,” മുഹമ്മദ് ഹസന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുസ്‌കാന്‍ ഇപ്പോഴും വിദ്യാര്‍ത്ഥിയാണെന്നും പഠിത്തത്തിലാണ് ശ്രദ്ധിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടേതെന്ന പേരില്‍ മുസ്‌കാനെ അഭിനന്ദിക്കുന്നതായി പറയുന്ന വീഡിയോ പുറത്തുവന്നത്.

അറബിയിലുള്ള വീഡിയോയില്‍ മുസ്‌കാനെ അഭിനന്ദിച്ച് സവാഹിരി കവിത ചൊല്ലുന്നതായാണ് പറയുന്നതെങ്കിലും ഇതിന്റെ സ്ഥിരീകരണമൊന്നും പുറത്തുവന്നിരുന്നില്ല.

അതേസമയം, വീഡിയോയിന്മേല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. എവിടെ നിന്നാണ് വീഡിയോ വന്നത് എന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണ് എന്നതിനെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here